ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുകയെന്ന വെളിപ്പെടുത്തലുമായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യതയെ ഇത് സാരമായി ബാധിക്കുമെന്നും ഹണ്ട് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ഇതേത്തുടര്‍ന്ന് ഹണ്ടിനു മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരിക്കുകയാണ്. ബ്രെക്‌സിറ്റോടെ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനിടയുള്ളതിനാല്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയുണ്ടെന്നാണ് നിഗമനം.

മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ധാരണകള്‍ ഫലപ്രദമായി സൃഷ്ടിക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്കും രാജ്യത്തിനും അത് ഒരുപോലെ ദോഷകരമായിരിക്കുമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റിയെ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത തുടരുന്നത് മാത്രമല്ല ഇവിടെ വിഷയമാകുന്നത്, യുകെയില്‍ ഉദ്പാദനം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ തടസങ്ങളില്ലാതെ നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന് അനുഗുണമായ ഒരു ധാരണ ഇക്കാര്യത്തില്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും ഹണ്ട് രേഖപ്പെടുത്തി.

ബ്രെക്‌സിറ്റ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ധാരണകള്‍ ഏപ്രിലിനു മുമ്പ് തയ്യാറാക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി തെരേസ മേയ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ധാരണകളുടെ രൂപീകരണം കുറച്ചുകൂടി വൈകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചിനുള്ളില്‍ ധാരണയായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് വ്യവസായികള്‍ അറിയിച്ചിരുന്നു.