യോഗര്‍ട്ട് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ കുട്ടികള്‍ ദിവസവും ഇത് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പുമായി ക്യാംപെയിനേര്‍സ്. കുട്ടികളില്‍ അനുവദനീയമായിരിക്കുന്നതിലും കൂടുതല്‍ പഞ്ചസാര ശരീരത്തിലെത്താന്‍ യോഗര്‍ട്ടിന്റെ ദിനംപ്രതിയുള്ള ഉപയോഗം കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. വിപണിയില്‍ ലഭ്യമായിരിക്കുന്ന മിക്ക ബ്രാന്റുകളിലും അഞ്ച് ഷുഗര്‍ ക്യൂബിന് തുല്യമായ അളവില്‍ പഞ്ചസാര ഉണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ലിവര്‍പൂള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. ഇത് കുട്ടികളില്‍ അനുവദനീയമായതില്‍ കൂടിയ അളവാണ്.

നാല് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ ദിവസം 19ഗ്രാം അല്ലെങ്കില്‍ അഞ്ച് ക്യൂബ്‌സ് ഫ്രീ ഷുഗര്‍ എന്നിവ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് എന്‍എച്ച്എസ് ഗൈഡ്‌ലൈന്‍സ് വ്യക്തമാക്കുന്നുണ്ട്. ലിവര്‍പൂളിലെ അഞ്ച് വയസിന് താഴെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും ദന്തരോഗങ്ങള്‍ പിടിപെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പല്ലിന് കേടുപാടുകള്‍ സംഭവിക്കുക, പൊട്ടലുണ്ടാകുക, പല്ല് കൊഴിഞ്ഞു പോകുക തുടങ്ങി നിരവധി അസുഖങ്ങളാണ് കുട്ടികളെ ബാധിക്കുന്നത്. ദിവസം രണ്ട് കുട്ടികള്‍ എന്ന തോതില്‍ ദന്തരോഗങ്ങള്‍ മൂലം ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതായിട്ടാണ് വിവരം. പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നതാണ് ഇത്തരം അസുഖങ്ങള്‍ക്ക് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

4 വയസ് പ്രായമുള്ള 12 ശതമാനം കുട്ടികളും ആറ് വയസുള്ള 23 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അധിക ഷുഗര്‍ കണ്ടന്റ് ഉള്ള ഭക്ഷണങ്ങള്‍, ഡിങ്ക്രുകള്‍ തുടങ്ങിയവയാണ് പൊണ്ണത്തടിക്ക് പ്രധാന കാരണം. മിക്ക മാതാപിതാക്കളും തൈര് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് കരുതുന്നത്. ചിലതൊക്കെ ആരോഗ്യപരമാണ് താനും. എന്നാല്‍ ചില തൈര് ഉല്‍പന്നങ്ങളില്‍ ഷുഗറിന്റെ അളവ് കൂടുതലാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കുന്നില്ലെന്ന് കൗണ്‍സിലര്‍ ടിം ബ്യൂമോണ്ട് പറഞ്ഞു. ഇവ പൂര്‍ണമായും ഉപയോഗിക്കരുതെന്നല്ല ഞങ്ങള്‍ പറയുന്നത് പക്ഷേ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. ഷുഗറി സ്‌നാക്‌സ്, ചോക്ലേറ്റ് ബാര്‍സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, തൈര് തുടങ്ങിയവ കുട്ടികളില്‍ ദന്തരോഗങ്ങള്‍ക്കും പൊണ്ണത്തടിക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.