ഹൃദയത്തിന്റെ സ്‌കാനിംഗിലൂടെ കുഴഞ്ഞുവീണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പഠനം. പുതിയ സ്‌കാനിംഗ് സാങ്കേതികവിദ്യ ഇതിന് ഉപകരിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്. ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയുള്ളവരിലുണ്ടാകുന്ന ഹൃദയത്തിന്റെ രൂപ വ്യതിയാനങ്ങള്‍ മിക്കപ്പോഴും മരണത്തിനു ശേഷമായിരിക്കും മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ ഇത് നേരത്തേ മനസിലാക്കാന്‍ മൈക്രോസ്‌കോപ്പിക് ഇമേജിംഗ് സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. യുവാക്കളില്‍ വളരെ വേഗത്തിലുണ്ടാകുന്ന ഹൃദ്രോഗ മരണങ്ങള്‍ക്ക് പ്രധാന കാരണമാണ് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി.

യുകെയില്‍ 500ല്‍ ഒരാള്‍ക്ക് വീതം ഈ രോഗാവസ്ഥയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വളരെ സാധാരണവും പാരമ്പര്യമായി ലഭിക്കുന്നതുമായ ഈ അസുഖം കുറച്ചു പേരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഫുട്‌ബോള്‍ മാച്ചിനിടയില്‍ ഫാബ്രിക് മുവാംബയ്ക്ക് ഉണ്ടായതും ജോഗിംഗിനിടെ ഡേവിഡ് ഫ്രോസ്റ്റിന്റെ മകന്‍ മൈല്‍സ് കുഴഞ്ഞുവീണ് മരിച്ചതും ഈ രോഗം മൂലമാണ്. ഈ രോഗമുള്ളവര്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. മിക്കയാളുകളും സാധാരണ ജീവിതം നയിക്കുന്നവരായിരിക്കും. ഈ അസുഖമുള്ളയാളുകളുകളുടെ ഹൃദയത്തില്‍ അസാധാരണമായ ഒരു ഫൈബര്‍ പാറ്റേണ്‍ ഉള്ളതായി കണ്ടെത്തി. ഇത് പഠിച്ചതിലൂടെ ഹൃദയ സ്പന്ദനത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും വ്യക്തമായി.

ഒരു ശതമാനം ആളുകളിലാണ് ഈയവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. സ്പന്ദനത്തില്‍ വ്യതിയാനമുണ്ടായാല്‍ ഉദ്ദീപനം നല്‍കുന്നതിനായി ഒരു ഉപകരണം ഗവേഷകര്‍ ഹൃദയത്തില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. അത്യധികം അപായ സാധ്യതയുള്ള രോഗികളില്‍ ഈ സംവിധാനം വളരെയേറെ ഫലപ്രദമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.റീന അറിഗ പറഞ്ഞു.