ഡബ്ലിന്‍: കൊറോണയുടെ പിടിൽ വീണ് വീണുടഞ്ഞ ജീവിതങ്ങളുടെ പല കഥകളും നമ്മൾ അനുദിനം കാണുകയും കെർക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊറോണ വൈറസ് ബാധിച്ചു പിതാവ് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ ഫിലിപ്പിനോ കുടുംബത്തിലെ കുട്ടികള്‍ളെ അയര്‍ലണ്ടിലെ പൊതുസമൂഹം ഏറ്റെടുത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഫിലിപ്പീന്‍സില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെ നേസിലേയ്ക്ക് കുടിയേറിയ മിഗുവല്‍ പ്ലാങ്ക (55), കഴിഞ്ഞയാഴ്ചയാണ് വൈറസ് ബാധിച്ച് മരിച്ചത്.  നാൽപത്തിയൊന്ന് ദിവസം കൊറോണയുമായി പോരടിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ഏകദേശം ഇരുപത് വർഷത്തോളമായി ബേർഡ്‌സ് ഐ (Birds Eye Ireland Limited, Nass, Kildare, Ireland) പാക്കേജിങ് കമ്പനിയിൽ ജോലി നോക്കി വരവെയാണ് കോറോണയിൽ മിഗുവല്‍ പ്ലാങ്കക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ മക്കളായ സ്‌റ്റെഫനി, മൈക്കി, മൈക്കല്‍, ജോണ്‍, ചെക്കി എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരായി. ചുരുങ്ങിയ വരുമാനത്തിനിടയിലും ഫിലിപ്പിയൻസിലുള്ള തന്റെ ബന്ധുക്കളെ സഹായിച്ചിരുന്നതായും മക്കൾ വെളിപ്പെടുത്തുന്നു. ശാന്തനും ഉദാരശീലനുമായ ഒരു വ്യക്തിയെന്നാണ് അയർലണ്ടിലെ ഫിലിപ്പൈൻസ് എംബസി ഇതുമായി പറഞ്ഞത്, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടീനേജുകാരിയായ മൂത്ത പെൺകുട്ടി ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി… പപ്പാ നീ നന്നായി യുദ്ധം ചെയ്‌തു… എല്ലാത്തിനും നന്ദിയുണ്ട്… പപ്പയില്ലാത്ത ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ശൂന്യത… സ്നേഹത്തോടെ

നഴ്‌സ്‌ ആയിരുന്ന കുട്ടികളുടെ ‘അമ്മ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു.

മിഗുവേലിന്റെ മരണത്തോടെ അനാഥരായ കുട്ടികള്‍, ഇപ്പോള്‍ അവരുടെ അമ്മായി ഫെലിയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലും സഹായത്തിലുമാണ് ജീവിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും, കില്‍ഡെയറിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങളും ചേര്‍ന്നാണ് ‘ഗോ ഫണ്ട് ‘ വഴി അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികള്‍ക്കായി ധനസമാഹരണം ആരംഭിച്ചത്.

വെറും 5,000 യൂറോ (ഏകദേശം Rs.4 ലക്ഷം) മാത്രമായിരുന്നു പ്രാരംഭ ഫണ്ടിംഗ് ലക്ഷ്യം. എന്നാൽ ഐറിഷ് ജനതയുടെ ഉദാരമായ സംഭാവനകള്‍ വഴി ഇതിനകം 2,45,815 യൂറോ (Rs.2 കോടി) ആണ് കുട്ടികള്‍ക്കായി ലഭിച്ചിരിക്കുന്നത്‌. ഇപ്പോഴും ഒരുപാടു പേർ സഹായം നൽകികൊണ്ടിരിക്കുന്നു.

നിങ്ങൾക്കും സഹായിക്കാം.

https://www.gofundme.com/f/kuya-miguel-plangca039s-funds-for-his-treasures