ലണ്ടന്‍ : ” എന്റെ കണ്‍മുന്നില്‍ നിന്ന് അവള്‍ മാഞ്ഞു പോകുകയാണ് ”. അധിക ജോലിയില്‍ വീര്‍പ്പുമുട്ടുന്ന ഒരു എന്‍എച്ച്എസ് നഴ്‌സിന്റെ ദുരിതം അവരുടെ അമ്മയുടെ വാക്കുകളിലൂടെ പുറത്തു വന്നതാണ് ഈ വരികള്‍. ജീവനക്കാരുടെ കുറവ് മൂലം അധിക ജോലിയെടുക്കേണ്ടി വരുന്നതും അതിന് അനുസൃതമായ ശമ്പളം ലഭിക്കാത്തതും മൂലം നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ കത്ത്. അവള്‍ ജോലി കഴിഞ്ഞ് നിറകണ്ണുകളുമായാണ് എത്തുന്നത്. ജോലിയുടെ അമിത സമ്മര്‍ദ്ദമുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ അവളെ തന്റെ കണ്ണിനു മുന്നില്‍ ഇല്ലാതാക്കുകയാണെന്ന് കത്തില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമ്മ പറയുന്നു.

ഡയാന, പ്രിന്‍സസ് ഓഫ് വെയില്‍സ് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കാന്‍ എന്നിട്ടും അവള്‍ തയ്യാറാകുന്നില്ലെന്ന് അമ്മ തന്റെ മകളെക്കുറിച്ച് പറയുന്നു. രോഗികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നല്ല അഭിപ്രായം മാത്രമാണ് തന്റെ മകളെക്കുറിച്ച് കേട്ടിട്ടുള്ളത്. അത്രയും നഴ്‌സിംഗ് ജോലിയെ അവള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഗ്രിംസ്ബി ടെലിഗ്രാഫിന് ലഭിച്ച കത്തില്‍ കുറിച്ചിരിക്കുന്നു. തന്റെ ജോലിയിലുള്ള സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളും മൂലം അവള്‍ക്ക് ശരിയായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. പലപ്പോഴും അവള്‍ ധീരയായി അഭിനയിക്കുകയാണ്. എന്നാല്‍ അവളുടെ കണ്ണുകളില്‍ ദുഃഖം കാണാനാകുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ മകള്‍ കണ്‍മുന്നില്‍ ഇല്ലാതാകുന്നത് കാണുകയാണ് താന്‍. ജോലി കഴിഞ്ഞ് സന്തോഷത്തോടെ അവള്‍ തിരികെ വന്നത് എന്നാണെന്ന് താന്‍ മറന്നു പോയിരിക്കുന്നു. എന്നാല്‍ അവള്‍ കരഞ്ഞുകൊണ്ട് എത്തിയ ദിവസങ്ങള്‍ തനിക്ക് വ്യക്തമായി പറയാനാകും. ജീവനക്കാരുടെ ജോലി സാഹചര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ എന്‍എച്ച്എസ് സീനിയര്‍ മാനേജര്‍മാര്‍ പരാജയപ്പെടുന്നു എന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഈ കത്തും പ്രത്യക്ഷപ്പെടുന്നത്. ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്ന ജീവനക്കാര്‍ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ഭീഷണി ചില എന്‍എച്ച്എസ് മേലധികാരികള്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും മറ്റും സീനിയര്‍ മാനേജര്‍മാരോട് മകള്‍ പല തവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെല്ലാം നിരാകരിക്കപ്പെടുകയും മറ്റു കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന ഉപദേശം അവള്‍ കേള്‍ക്കേണ്ടതായി വരികയും ചെയ്തിട്ടുണ്ടെന്നും കത്തില്‍ അമ്മ പറയുന്നു. താനും കുടുംബവും അവളോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യത്തെക്കരുതിയെങ്കിലും ജോലി ഉപേക്ഷിക്കാനായിരുന്നു ആവശ്യമെന്നും കത്ത് പറയുന്നു. കഴിഞ്ഞ ജനുവരി മാസമായിരുന്നു എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ മാസമെന്ന വിലയിരുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.