ന്യൂസ് ഡെസ്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രാത്രി ഒൻപത് മണി വരെ മഞ്ഞ് വീഴ്ച തുടർന്നേക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിലേയ്ക്ക് അതിശൈത്യത്തിന്റെ പിടിയിൽ അമരുകയാണ് ബ്രിട്ടൺ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മെറ്റ് ഓഫീസ് ആമ്പർ വാണിംഗ് പുറപ്പെടുവിച്ചു. മൂന്നു മുതൽ ഏഴ് സെൻറിമീറ്റർ വരെ മഞ്ഞ് രണ്ടു മൂന്നു മണിക്കൂറിൽ വീഴാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ  മിലിട്ടറി തയ്യാറെടുപ്പ് തുടങ്ങി.   വെയിൽസിന്റെ ചില പ്രദേശങ്ങളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തേക്കും.

യോർക്ക് ഷയർ ആൻഡ് ഹമ്പർ അടക്കമുള്ള മിക്ക റീജിയണുകളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കടന്നു പോയത്. അബർദീനിലെ ബ്രാമറിൽ മൈനസ് 14.4 ഡിഗ്രിയായിരുന്നു ഇന്ന് രാവിലെ താപനില. റെയിൽ സർവീസ് ക്യാൻസലേഷനും റോഡ് ബ്ളോക്കുകളും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിരവധി സ്കൂളുകൾ ഇന്ന് പ്രവർത്തിച്ചില്ല. പല വില്ലേജുകളും ഒറ്റപ്പെടും. പവർകട്ടും മൊബൈൽ നെറ്റ് വർക്ക് ഓട്ടേജും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.