ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് ജവാന്മാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബന്ദിപ്പൂരില്‍ ബഗ്ദൂര്‍ ഖുറേസ് സെക്ടറില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജവാന്മാരെയും കുപ്വാരയില്‍ രണ്ട് ജവാന്മാരെയുമാണ്കാണാതായത്. മഞ്ഞുവീഴ്ച്ച ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായതിനെത്തുടര്‍ന്നാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്.

കശ്മീരില്‍ മൈനസ് 3 ഡിഗ്രിയാണ് താപനില. കുറച്ചുദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച്ച ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.