മലയാളികളുടെ ആഹാരരീതിയിയും പഠനമികവുമായി ബന്ധമുണ്ടന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിൽ ചെറുപയറിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. മലയാളികൾ രാവിലെ പുട്ടും പയറും കഴിക്കുന്നു. ഉച്ചയ്ക്കു ചോറിന്റെ കൂടെ ചെറുപയർ തോരൻ കഴിക്കുന്നു. രാത്രിയിൽ കഞ്ഞിയും പയറുമായിരിക്കും.

മറ്റുള്ള സംസ്ഥാനങ്ങളിൽ വൈകിട്ടു പരിപ്പുവടയും ഉഴുന്നു വടയുമൊക്കെ കഴിക്കുമ്പോൾ മലയാളി പ്രത്യേകമായി ഒരു പലഹാരം ഉണ്ടാക്കിയിട്ടുണ്ട്: സുഖിയൻ അല്ലെങ്കിൽ മോദകം! ചെറുപയർ പുഴുങ്ങി ശർക്കര ചേർത്ത് ഉണ്ടാക്കുന്ന രസികൻ പലഹാരം. അപ്പോൾ ദിവസം മൂന്നു നാലു തവണ ചെറുപയർ കേരളീയ ഭക്ഷണത്തിന്റെ ഭാഗമാവുകയും മലയാളികളുടെ വയറ്റിലേക്ക് എളുപ്പം ചെല്ലുകയും ചെയ്യുന്നു. ചെറുപയറിനെപ്പോലെ ബുദ്ധിപരമായ ഉണർവു നൽകുന്ന മറ്റൊരു ധാന്യമില്ല. ചെറുതേനിന്റെയും പാലിന്റെയും ഊർജം മൂന്നു മുതൽ അഞ്ചു മണിക്കൂർ വരെ നീണ്ടു നിൽക്കുമ്പോൾ ചെറുപയറിന്റെ ഗുണം 18 മണിക്കൂർ വരെ നീണ്ടു നിൽക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. അന്നജം, കൊഴുപ്പ്, നാരുകൾ, വൈറ്റമിൻ എ, വൈറ്റമിൻ ബി, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നിവയെല്ലാം ചെറുപയറിനെ (ഗ്രീൻ ഗ്രാം) പോഷകസമൃദ്ധമാക്കുന്നു. ചെറുപയർ കറിവെച്ചോ തോരനാക്കിയോ കുട്ടികൾക്കു നൽകിയാൽ തലച്ചോറിന്റെ ബുദ്ധി ശക്തി വർധിക്കുകയും ബുദ്ധിപരമായ ശേഷി വർധിക്കുകയും ചെയ്യും. സ്കൂളിൽ ഇടവേളകളിൽ കഴിക്കുന്നതിനായി അമ്മമാർ സാധാരണ േബക്കറി പലഹാരങ്ങളോ ബിസ്കറ്റോ ഒക്കെയാവും കുട്ടികൾക്കു കൊടുത്തയയ്ക്കുക. കുട്ടിക്ക് ഇഷ്ടപ്പെട്ട സ്നാക് ആയി സുഖിയനോ മോദകമോ മാറ്റിയെടുക്കാനായാൽ വിജയിച്ചു.

ആഴ്ചയിൽ രണ്ടു ദിവസവും അവധി ദിവസങ്ങളിൽ ഒരു നാളും പ്രഭാതഭക്ഷണമായി പുട്ടും ചെറുപയർ കറിയും നൽകാം. ദിവസം മൂന്നു നേരത്തെ ആഹാരത്തിലും കുറച്ചു ചെറുപയർ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇന്ത്യയിൽ മിക്കവാറും എല്ലായിടങ്ങളിലുംതന്നെ പോഷകമൂല്യം ഏറെയുള്ള ചെറുപയർ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ വിത്തും വേരും ഔഷധ നിർമാണത്തിന് ഉപയോഗിച്ചു വരുന്നു. താരൻ മാറാനും മുടിയുടെ കരുത്തിനും മലയാളികൾ പണ്ടു മുതലേ ചെറുപയർ പൊടിയാണ് ഉപയോഗിക്കുന്നത്. ശരീരത്തിൽ വിഷം കലർന്നാൽ ശർക്കര ചേർത്ത ചെറുപയർ സൂപ്പ് വൈദ്യന്മാർ രോഗികളെക്കൊണ്ടു കഴിപ്പിക്കാറുണ്ട്. രണ്ട് ആഹാരപദാർഥങ്ങൾ തലച്ചോറിന്റെ ശേഷി കുറയ്ക്കുന്നതാണ്. മരച്ചീനിയും ഉരുളക്കിഴങ്ങും. രണ്ടും നമുക്കു പ്രിയപ്പെട്ടത്! മരച്ചീനി കഴിച്ചാൽ മൂന്നു നാലു മണിക്കൂർ നേരത്തേക്കു തലച്ചോറിന്റെ ഗുണപരമായ പ്രവർത്തനങ്ങൾ മന്ദീഭവിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

പഠിക്കുന്ന കുട്ടികൾക്കു ഭംഗിയായി പഠിക്കാൻ കഴിഞ്ഞെന്നു വരില്ല. അതേസമയം കായികമായ അധ്വാനത്തിനു മരച്ചീനിയോളം പോന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ല. കപ്പയിൽ നിന്നു ഊർജം വളരെ വേഗം ശരീരത്തിലെത്തുന്നതിനാൽ കായിക പ്രവർത്തനങ്ങൾ ഉഷാറാകും. ഉരുളക്കിഴങ്ങും കായികജോലികൾക്ക് അനുയോജ്യം തന്നെ. ജർമനിയിൽ വ്യവസായിക തൊഴിലാളികൾക്ക് ഇടവേളകളിൽ കഴിക്കാൻ നല്‍കിയിരുന്നത് പൊട്ടറ്റോ ചിപ്സ് ആയിരുന്നു. ഇൻഡസ്ട്രിയിൽ പണിക്കു കൊള്ളാം. ഇന്റലക്ച്വൽ ജോലിക്കു പറ്റില്ല. ഭാരതീയർക്കു ദൈവം നൽകാത്ത രണ്ടു കാര്യങ്ങളാണു മരച്ചീനിയും ഉരുളക്കിഴങ്ങും. അമേരിക്കയിലെ റെഡ് ഇന്ത്യൻ വംശജർക്ക് ഇതു ധാരാളമായി ലഭിച്ചു. അവരിതു കഴിച്ച് ബുദ്ധിമന്ദീഭവിക്കുകയും വെള്ളക്കാർ അവരെ വശപ്പെടുത്തിയും അധീനതിയിലാക്കിയും അവരുടെ സ്വർണവും സമ്പത്തുമൊക്കെ വാരിയെടുത്തു പോവുകയും ചെയ്തു. തിന്നാൻ രസമുള്ള മരച്ചീനിയും ഉരുളക്കിഴങ്ങും പാടെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. പക്ഷേ നിർബന്ധമായും പഠിപ്പുള്ള തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലും പരീക്ഷയുള്ള ദിവസങ്ങളിലും കുട്ടികൾക്കു നൽകാതിരിക്കുന്നതാണ് ഉത്തമം.