ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍ സാജു.

പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്‌സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്‍ സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പരേതയുടെ കുടുബത്തിന് സാന്ത്വനമേകാന്‍ സഹപ്രവര്‍ത്തകരും പ്രിയപെട്ടവരുമായി അനേകര്‍ ലൂക്കനിലുള്ള ഭവനത്തിലേക്ക് എത്തുന്നുണ്ട്.

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന്‍ സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും അടുത്ത ആഴ്ച ലൂക്കന്‍ സീറോ മലബാര്‍ സഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർ നടപടികൾ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്‌കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍.

മക്കള്‍ :സച്ചിന്‍ ( മെഡിക്കല്‍ വിദ്യാര്‍ത്ഥി), സബീന്‍ (തേര്‍ഡ് ക്ലാസ് ).