തായ്‌ലന്‍ഡിലെ ഭൂഗര്‍ഭ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളായ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ബ്രിട്ടീഷ് വിദഗ്ദ്ധന്‍. ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വേണ്‍ അണ്‍സ്‌വര്‍ത്ത് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളെ എപ്പോള്‍ പുറത്തെത്തിക്കാനാകുമെന്ന കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും നാളെയുമായി കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കും.

ബ്രിട്ടീഷ് വോളന്റിയര്‍മാരായ ജോണ്‍ വോളാന്‍ഥനും റിക്ക് സ്റ്റാന്റ്റ്റനുമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. 9 ദിവസമായി ഇവര്‍ ഗുഹയിലെ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലത്ത് വെള്ളം കയറാത്ത പ്രദേശത്ത് ഇരിക്കുകയായിരുന്നു. ഗുഹയിലെ വെള്ളം താഴ്ന്നതിനു ശേഷം കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ നാല് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ചെളിവെള്ളം നിറഞ്ഞ ഇടുങ്ങിയ ഗുഹാ വഴികളിലൂടെ കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ അവര്‍ക്ക അതിനാവശ്യമായ പരിശീലനം നല്‍കണമെങ്കിലും കൂടുതല്‍ സമയം ആവശ്യമാണ്.

ഇപ്പോള്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കാനാകുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്ന് ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തമായാല്‍ ജലനിരപ്പ് വീണ്ടും ഉയരുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാകുകയും ചെയ്യും. 1.5 മൈല്‍ അകലെയുള്ള ഗുഹാ കവാടത്തിലേക്ക് എത്തണമെങ്കില്‍ നാല് മണിക്കൂറെങ്കിലും മുങ്ങാങ്കുഴിയിട്ട് നീന്തണം. അത് ഈ കുട്ടികള്‍ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ആശങ്കകളുണ്ട്.