ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തെ നേരിടാന്‍ കയ്യിലുണ്ടായിരുന്ന ബാറ്റണ്‍ മാത്രം ഉപയോഗിച്ച് രംഗത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ മനസ് തുറക്കുന്നു. വെയിന്‍ മാര്‍ക്വേസ് എന്ന ഉദ്യോഗസ്ഥനായിരുന്ന ആക്രമണ സമയത്ത് അസാമാന്യ ധീരത പ്രകടിപ്പിച്ചത്. തലക്ക് കുത്തേറ്റ് ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് മാര്‍ക്വേസ് താന്‍ ഭീകരരെ നേരിട്ട രംഗം വിശദീകരിച്ചത്. ബറോ മാര്‍ക്കറ്റില്‍ ബഹളം കേട്ട് ഓടിയെത്തിയ താന്‍ ആദ്യം വിചാരിച്ചത് ഏതെങ്കിലും പബ്ബില്‍ ഉണ്ടായ സംഘട്ടനമായിരിക്കും എന്നാണ്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ സ്ഥിതി അതിലും ഗുരുതരമാണെന്ന് മനസിലായി.

അക്രമികള്‍ മൂന്നുപേരും ഒരുമിച്ച് നിന്നുകൊണ്ടായിരുന്നു ജനങ്ങളെ കുത്തി വീഴ്ത്തിയത്. അവര്‍ എന്നെ തുറിച്ചു നോക്കുന്നതാണ് ആദ്യം ഞാന്‍ കണ്ടത്. കൗബോയ് സിനിമകളിലെന്നപോലെ അവരുടെ നീക്കം എന്താണെന്ന് നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഉടന്‍തന്നെ ആദ്യത്തെ അക്രമിയെ താന്‍ കടന്നാക്രമിച്ചു. ബാറ്റണ്‍ ഉപയോഗിച്ച് അയാളുടെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ അവര്‍ മൂന്നുപേരും െനിക്കു മേല്‍ വീഴുകയും ഒരാള്‍ എന്റെ തലയില്‍ കുത്തുകയുമായിരുന്നു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് മാര്‍ക്വേസ് പറഞ്ഞു.

ശരീരത്തില്‍ പല തവണ ആക്രമികള്‍ കുത്തി. താന്‍ മരിക്കാന്‍ പോകുന്നുവെന്നാണ് കരുതിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസറായ മാര്‍ക്വേസ് പറഞ്ഞു. ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്നര മിനിറ്റോളം നീണ്ടു നിന്ന പോരാട്ടമായിരുന്നു മാര്‍ക്വേസും ഭീകരരും തമ്മിലുണ്ടായത്. പക്ഷേ സായുധ പോലീസ് രംഗത്തെത്തുന്നതു വരെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഈ ഉദ്യോഗസ്ഥന്റെ ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇടപെടല്‍ സഹായിച്ചു.