പ്രളയജലം ഇറങ്ങിക്കഴിഞ്ഞാൽ അതിജീവനത്തോടൊപ്പം ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കണം. ചെളിവെള്ളം കയറിയിറങ്ങിയ വീടുകളും ജലസ്രോതസ്സുകളും, ചീഞ്ഞളിഞ്ഞ മൃഗാവശിഷ്ടങ്ങളും സൃഷ്ടിക്കുന്ന ഭീഷണി വലുതാണ്. ശുദ്ധജലദൗർലഭ്യം കൂടിയാകുമ്പോൾ രോഗങ്ങളും അണുബാധകളും നിരന്തരം അലട്ടാം. രണ്ടു വിഭാഗം രോഗങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്നു വരിക. ചെളിവെള്ളവുമായി സമ്പർക്കത്തിലൂടെ ഉടൻ പകരുന്ന പകർച്ചവ്യാധികൾ, എലിപ്പനി ഉദാഹരണം. ജലജന്യരോഗങ്ങളും കൊതുകുകടി വഴിപകരുന്ന രോഗങ്ങളും. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, മഞ്ഞപ്പിത്തം എന്നിവ വൃത്തിയില്ലാത്ത ജലത്തിലൂടെ പകരുന്നു. ഇതിൽതന്നെ മഞ്ഞപ്പിത്തത്തെ സൂക്ഷിക്കണം. രോഗാണു ഉള്ളിലെത്തി ഒരു മാസം കഴിഞ്ഞാകും ലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഡെങ്കിപ്പനി മാരകമാകാതിരിക്കാൻ
ഡെങ്കി, മലമ്പനി, ചിക്കൻഗുനിയ പോലുള്ള കൊതുകുജന്യ പനികൾ നമ്മുടെ പരിസരത്തുതന്നെയുണ്ട്. പ്രളയപ്പാച്ചിലിൽ കൊതുകിന്റെ താവളങ്ങൾ നശിച്ചെങ്കിലും വെള്ളമിറങ്ങുന്നതോടെ സ്ഥിതി മാറും. പ്രളയം പല പ്രദേശങ്ങളുടെയും സ്വാഭാവിക പ്രകൃതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. കൊതുകുവലകളും ലേപനങ്ങളും കൊതുകുതിരികളും പരിസരശുചീകരണവും വഴി കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കണം. ഈ സമയത്തു വരുന്ന ഏതു പനിയും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം.

തിളപ്പിച്ച വെള്ളം മാത്രം
വെള്ളം കയറിയിറങ്ങിയില്ലെങ്കിലും കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. കിണർ ഉറവകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒലിച്ചിറങ്ങി ഇ കൊളി പോലുള്ള അണുക്കളാൽ മലിനപ്പെടാനിടയുണ്ട്. ക്ലോറിനേറ്റ് ചെയ്താലും വെള്ളം തിളപ്പിച്ചേ കുടിക്കാവൂ. പ്രളയസമയത്ത് രാസമാലിന്യങ്ങള്‍ കലർന്നിരിക്കാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ കുറച്ചു നാളത്തേക്കെങ്കിലും കുപ്പിവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

∙പല്ലു തേയ്ക്കാൻ തിളപ്പിച്ചാറിച്ച വെള്ളമാണ് കൂടുതൽ നല്ലത്. ഫ്രീസറിൽ ഐസ് ഉണ്ടാക്കാനും തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക.

∙ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും കുളിക്കുന്ന സമയത്ത് വായിലും കണ്ണിലും പോകാതെ ശ്രദ്ധിക്കുക. ചില രോഗാണുക്കൾ ക്ലോറിനേഷൻ വഴി നശിക്കില്ല.

ഇടയ്ക്കിടെ കൈകഴുകാം
∙സർവരോഗ പ്രതിരോധമാർഗമാണ് കൈകഴുകൽ. രോഗമകറ്റാനുള്ള കൈകഴുകൽ ഭക്ഷണത്തിനു മുൻപോ ശുചി മുറിയിൽ പോയശേഷം മാത്രമോ അല്ല വേണ്ടത്.

∙ഭക്ഷണം പാകം ചെയ്യും മുൻപും കുഞ്ഞുങ്ങൾക്ക് വാരിക്കൊടുക്കുന്നതിനു മുൻപും.

∙മൂക്കു ചീറ്റുകയോ തുമ്മുകയോ ചെയ്തശേഷം.

∙മുറിവിൽ സ്പർശിച്ച ശേഷം.

∙മലവിസർജനശേഷം കുഞ്ഞുങ്ങളെ വൃത്തിയാക്കിക്കഴിഞ്ഞ്.