ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നേഴ്സിംഗ് ഹോമിൽ 94 കാരിയായ വയോധികയെ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റത്തിനു മൂന്ന് നഴ്സുമാർ അറസ്റ്റിൽ. പനിബെൻ ഷായുടെ കുടുംബാംഗങ്ങൾ നഴ്സിംഗ് ഹോമിൽ ക്യാമറ വച്ചതിനെ തുടർന്നാണ് അവിടെ നടക്കുന്ന ക്രൂരതകൾ പുറം ലോകത്ത് എത്തിയത്. നഴ്സിംഗ് ഹോമിലെ സ്റ്റാഫുകൾ വയോധികയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതിനു കാരണം ഡിമൻഷ്യ ആണെന്ന് നേഴ്സുമാർ വരുത്തി തീർത്തു. എന്നാൽ സംശയം തോന്നിയ മകൻ കീർത്തിയും കൊച്ചു മകനും ചേർന്ന് വയോധികയുടെ മുറിയിൽ ക്യാമറ സ്ഥാപിച്ചു. ഇതിനെത്തുടർന്നാണ് നഴ്സുമാർ അവരെ ഉപദ്രവിക്കുന്നതും, ശരീരത്തിൽ ചൂടു വെള്ളം ഒഴിക്കുന്നതും എല്ലാം കുടുംബാംഗങ്ങൾ കണ്ടെത്തിയത്.

തങ്ങൾക്ക് ഇത് വിശ്വസിക്കാവുന്നതിലുമപ്പുറം ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. അനിത റ്റി ( 46), അനിത ബി സി (49), ഹീന പരെക് (55) എന്നിവരെ നാലു മുതൽ ആറു മാസം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.

വയോധികയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്ന തരത്തിലാണ് നഴ്സുമാരുടെ പെരുമാറ്റം എന്ന് കോടതി വിലയിരുത്തി. ഏഷ്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക നഴ്സിംഗ് ഹോം ആയ മീര സെന്ററിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇത്തരം തെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.