ഹോമിയോപ്പതിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്താന്‍ എന്‍എച്ച്എസ് എടുത്ത തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ തീരുമാനമെടുത്തത്. ഹോമിയോപ്പതിക്കു വേണ്ടി പ്രതിവര്‍ഷം 92,000 പൗണ്ടായിരുന്നു അനുവദിച്ചു വന്നിരുന്നത്. ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് ഹോമിയോപ്പതിക് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാല് ദിവസം നീണ്ട വാദത്തിനു ശേഷമാണ് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സപ്പര്‍‌സ്റ്റോണ്‍ എന്‍എച്ച്എസ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

രോഗികള്‍ക്ക് ജിപിമാര്‍ ഹോമിയോ ചികിത്സ നിര്‍ദേശിക്കരുതെന്ന് കഴിഞ്ഞ നവംബറില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഹോമിയോ ചികിത്സ തേടുന്ന രോഗികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഹോമിയോപ്പതി, ഹെര്‍ബല്‍ ചികിത്സകള്‍ എന്നിവയുള്‍പ്പെടെ 18 ഇനം ചികിത്സകളിലൂടെ എന്‍എച്ച്എസിന് പ്രതിവര്‍ഷം നഷ്ടമാകുന്ന 141 മില്യന്‍ പൗണ്ട് ലാഭിക്കാനുദ്ദേശിച്ചായിരുന്നു നടപടി. ഈ ചികിത്സകള്‍ ക്ലിനിക്കല്‍ ഫലപ്രാപ്തി കുറഞ്ഞതെന്ന വിലയിരുത്തലിലാണ് എന്‍എച്ച്എസ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഹോമിയോപ്പതിയുടെ ക്ലിനിക്കല്‍ ഫലപ്രാപ്തിക്ക് ശക്തമായ തെളിവുകള്‍ ഇല്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഏര്‍പ്പെടുത്തിയ ബോര്‍ഡ് നിരീക്ഷിച്ചത്. എന്നാല്‍ ഈ വിലയിരുത്തല്‍ തെറ്റാണെന്ന് ബിഎച്ച്എ വാദിക്കുന്നു. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തല്‍ നടത്താന്‍ പക്ഷേ ഹൈക്കോടതി വിസമ്മതിച്ചു. അതേക്കുറിച്ച് വിധിയെഴുതുന്നത് ശരിയായിരിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.