ഒരു ലക്ഷത്തോളം കുരിശുകള്‍ സ്ഥിതിചെയ്യുന്ന ലിത്വാനിയയിലെ അത്ഭുത മല മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലിത്വാനിയയുടെ വടക്ക് ഭാഗത്ത് സിയായുലൈയിലാണ് അത്ഭുത മല സ്ഥിതിചെയ്യുന്നത്. ‘കുരിശുകളുടെ മല’ (Hill of Crosses) എന്നറിയപ്പെടുന്ന ഈ മലയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം കുരിശുകളും നൂറുകണക്കിന് ജപമാലകളുമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ സന്ദര്‍ശിച്ച് കുരിശും ജപമാലയും സ്ഥാപിച്ചതിന് ശേഷം മടങ്ങുന്നത്. പുരാണ ഐതീഹ്യങ്ങളും, നിഗൂഢതകളും കുരിശുമലയെ കുറിച്ചുനിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ചരിത്രം ഇന്നും അജ്ഞാതമാണ്.

Image result for lithuania hill of crosses photos

മലയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ കഥ രോഗബാധിതയായ പെണ്‍കുട്ടിയുടേയും നിസ്സഹായനായ അവളുടെ പിതാവിന്റെയുമാണ്. പെണ്‍കുട്ടി മരണശയ്യയില്‍ കിടക്കുമ്പോള്‍ ഒരു മരകുരിശുണ്ടാക്കി ഈ മലയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു സ്ത്രീ പറയുന്നതായി അവളുടെ പിതാവിന് ദര്‍ശനമുണ്ടായി. ആ പിതാവ് അപ്രകാരം ചെയ്തതിനു ശേഷം തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ അസുഖം ഭേദമായെന്ന്‍ പറയപ്പെടുന്നു. അന്നുമുതല്‍ ആളുകള്‍ തങ്ങളുടെ ഓരോ ആവശ്യങ്ങള്‍ക്കും ആ മലയില്‍ ഒരു കുരിശ് സ്ഥാപിക്കുവാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം.

Image result for lithuania hill of crosses photos

അത്ഭുത കുരിശുമലയുടെ പിറകില്‍ നിരവധി രഹസ്യങ്ങളുണ്ടെന്നാണ് പ്രാദേശിക കലാകാരനും, ചരിത്രകാരനുമായ വിലിയൂസ് പുരോണാസിന്റെ അഭിപ്രായം. മറ്റൊരു കഥയനുസരിച്ച് മല മുകളിലായി പണ്ടൊരു ദേവാലയമുണ്ടായിരുന്നു. കൊടുങ്കാറ്റിനിടക്ക് ശക്തമായ മിന്നലേറ്റ് ഈ ദേവാലയം അതിനകത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ മണ്ണിനടിയിലായി. പിന്നീട് സൂര്യാസ്തമയ സമയങ്ങളില്‍ സന്യാസിമാരുടെ ആത്മാക്കള്‍ ഘോഷയാത്രയായി പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ പലരും പറയുന്നത്. പ്രത്യക്ഷീകരണങ്ങള്‍, വിശുദ്ധരുടെ ദര്‍ശനങ്ങള്‍ ഇവയെല്ലാം ഈ മലയുടെ ചരിത്രത്തിന്റെ ഭാഗമായി കരുതുന്നു.

1348-ല്‍ ലിവോണിയയെ (ഇപ്പോഴത്തെ ലാത്വിയയും എസ്റ്റോണിയയും) ക്രിസ്തീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ഓര്‍ഡര്‍ ഓഫ് ദി സ്വോര്‍ഡ്സ്’ എന്ന ജര്‍മ്മന്‍ പോരാളികളായ സന്യാസിമാര്‍ ഈ കുന്നില്‍ ഉണ്ടായിരുന്ന വിജാതീയരായ പ്രഭുക്കന്‍മാരുടെ കോട്ട തകര്‍ത്തു. യുദ്ധത്തില്‍ രക്ഷപ്പെട്ട സമോഗിറ്റ്യാക്കാര്‍ കൊല്ലപ്പെട്ട തങ്ങളുടെ സഹചാരികളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് ഈ മലയില്‍ അടക്കം ചെയ്യുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് കുരിശുകള്‍ ഇവിടെ സ്ഥാപിക്കുവാന്‍ ആരംഭിച്ചതെന്ന ഐതീഹ്യവും നിലവിലുണ്ട്. ഐതീഹ്യങ്ങള്‍ നിരവധിയാണെങ്കിലും ലിത്വാനിയന്‍ ഭൂപടത്തില്‍ അതുല്യമായ സ്ഥാനമാണ് ‘കുരിശുകളുടെ മല’യ്ക്കു ഇന്നുള്ളത്.