മക്കയിലെ ആരാധനാലയവും താജ്മഹലുമുള്‍പ്പെടെയുള്ള പള്ളികളെയും സ്മാരകങ്ങളെയും ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റി ഹിന്ദു മഹാസഭയുടെ കലന്‍ഡര്‍. ഹിന്ദു മഹാസഭയുടെ അലിഗഡ് യൂണിറ്റ് പുറത്തിറക്കിയ കലന്‍ഡറിലാണ് രാജ്യത്തെ പ്രധാനപ്പെട്ട മുസ്ലീം ആരാധനാലയങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്.

മക്കയിലെ ആരാധനാലയത്തിന് മക്കേശ്വര്‍ മഹാദേവ മന്ദിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. താജ്മഹല്‍ തേജോമഹാലയ ശിവക്ഷേത്രവും മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദ് ഭോജ്ശാലയായും മാറിയിരിക്കുന്നു. കാശിയിലെ ഗ്യാന്‍വാപി പള്ളിയെ ‘വിശ്വനാഥ ക്ഷേത്രം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മെഹ്റൗളിയിലെ കുത്തബ് മിനാര്‍ കലണ്ടറില്‍ ‘വിഷ്ണു സ്തംഭ’വും ജൗന്‍പൂരിലെ അട്ടലാ പള്ളി ‘അത്ല ദേവി ക്ഷേത്ര’വുമാണ്. അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ‘രാമജന്മഭൂമി’ എന്ന പേരിലാണ് കലന്‍ഡറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പണ്ട് ഭാരതത്തെ കൊള്ളയടിച്ച വിദേശശക്തികള്‍ ഹിന്ദു ആരാധനാലയങ്ങള്‍ തട്ടിയെടുക്കുകയും അവയുടെ പേരുകള്‍ മാറ്റി പള്ളികളാക്കുകയുമായിരുന്നു. കലന്‍ഡറില്‍ പറയുന്ന യഥാര്‍ത്ഥ പേരുകളിലേക്ക് അവയെ തിരികെ കൊണ്ടുവരണമെന്നും ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കണമെന്നും ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ പറഞ്ഞു. ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.