ബിജെപിയേയും മഹാരാഷ്ട്രയില്‍ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനേയും കടന്നാക്രമിച്ചും പരിഹസിച്ചും വീണ്ടും ശിവേസന എംപി സഞ്ജയ് റാവുത്ത്. ഹിറ്റ്‌ലര്‍ മരിച്ചു. അടിമത്ത ഭീഷണി ഇല്ലാതായി. ആര്‍ക്കും ഞങ്ങളുടെ എംഎല്‍എമാരെ വിലക്ക് വാങ്ങാനാവില്ല. മഹാരാഷ്ട്രയില്‍ ഇത്തരം ഇടപാടുകളൊന്നും നടക്കില്ല – സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയില്‍ രോക് ഥോക്ക് എന്ന കോളത്തിലാണ് സഞ്ജയ് റാവുത്ത് ഇക്കാര്യം പറയുന്നത്.

അതേസമയം കോണ്‍ഗ്രസിനെ ശിവസേന നേതാവ് പ്രശംസിച്ചു. ദേശീയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. എന്നാല്‍ ഞങ്ങള്‍ പരസ്പരം യോജിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. കോണ്‍ഗ്രസ് ഞങ്ങളുടെ ശത്രുക്കളല്ല. ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂല സമീപനമുണ്ടെങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അതിനെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവസേന അധിക്ഷേപിച്ചു എന്ന് ആരോപിച്ച ദേവേന്ദ്ര ഫഡ്‌നാവിസിന് സഞ്ജയ് റാവുത്ത് മറുപടി നല്‍കി. ആരാണ് ധാര്‍മ്മികതയെക്കുറിച്ചൊക്കെ സംസാരിക്കുന്നത് എന്ന് പരിഹാസപൂര്‍വം റാവുത്ത് ചോദിച്ചു.

എല്ലാ ദിവസവും വ്യഭിചാരം നടത്തുന്നവരാണ് ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളുടെ തലച്ചോര്‍ മരവിച്ചു എന്നാണ് ഇവരുടെ വിചാരം. ഡല്‍ഹിയുടെ അടിമയല്ല മഹാരാഷ്ട്ര. ഡല്‍ഹിയിലെ അന്തരീക്ഷം മലിനമാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ കാര്യങ്ങള്‍ മഹാരാഷ്ട്രയില്‍ നോക്കിയാല്‍ മതി. ഇത്തവണ ആര് മുഖ്യമന്ത്രിയാകണം എന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കും. മഹാരാഷ്ട്രയുടെ തല മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

പല കോണ്‍ഗ്രസ് എംഎല്‍എമാരും സോണിയ ഗാന്ധിയെ കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയുടെ തീരുമാനം മഹാരാഷ്ട്രയില്‍ തന്നെ ഉണ്ടാവണം എന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഒറ്റ ശബ്ദത്തില്‍ പറയുന്നത് ഇതാണ് – എന്തൊക്കെ സംഭവിച്ചാലും ഒരു ബിജെപി സര്‍ക്കാര്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. അടിമത്ത രാഷ്ട്രീയവും പ്രതികാരബുദ്ധിയോടെയുള്ള രാഷ്ട്രീയ നീക്കങ്ങളും അവസാനിക്കണം എന്നതിനാലാണിത്. അഞ്ച് വര്‍ഷം മറ്റുള്ളവരെ പേടിപ്പിച്ച് നടന്നവര്‍ ഇപ്പോള്‍ പേടിച്ച് നടക്കുകയാണ്. ഇത് പ്രത്യാക്രമണമാണ് – സഞ്ജയ്റാവുത്ത് പറഞ്ഞു.