അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: വിശുദ്ധ കുര്‍ബ്ബാനയില്‍ കൂടുതല്‍ ആഴമായ ജ്ഞാനം പകര്‍ന്ന്, കുര്‍ബ്ബാന അനുഭവമാക്കിമാറ്റുവാനും, സങ്കീര്‍ണ്ണമായ ദൈവശാസ്ത്രത്തിന്റെ അഗാതതയിലേക്കു കൂട്ടിക്കൊണ്ടു പോയി ഗ്രാഹ്യമാക്കുവാനും, സഭയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഉതകുന്ന വിജ്ഞാനപ്രദമായ പഠന ക്ലാസ്സ് ലണ്ടന്‍ റീജണല്‍ സീറോ മലബാര്‍ സമൂഹത്തിനായി സംഘടിപ്പിക്കുന്നു. ദൈവ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ലിറ്റര്‍ജിയില്‍ അതീവ അവഗാഹവുമുള്ള റവ.ഡോ.പോളി മണിയാട്ട് ആണ് ക്ലാസ്സുകള്‍ എടുക്കുന്നത്.

സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയിലെ ലിറ്റര്‍ജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട്‌ലോകമെമ്പാടും ലിറ്റര്‍ജി സംബന്ധമായ ആധികാരികമായ ക്ലാസ്സുകള്‍ എടുക്കുന്ന വ്യക്തിയുമാണ്. മെയ് 1 നു ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിമുതല്‍ രാത്രി ഒമ്പതര വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റീവനേജ് ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

വിശുദ്ധ കുര്‍ബ്ബാനയില്‍ സ്ഥാപിക്കപ്പെട്ട സഭ ഏറ്റവും സുദൃഢമായി മുന്നോട്ടു പോവുന്നതു വിശുദ്ധബലിയിലൂടെ മാത്രമാണെന്നും അര്‍പ്പിതരായ അജഗണത്തിനു മാത്രമേ സഭയുടെ അനിവാര്യമായ വളര്‍ച്ചയെ സ്വാധീനിക്കാനാവൂ എന്നും ആയതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ ആഴമേറിയ പരിജ്ഞാനം ഏവരിലും ഉണ്ടാക്കുകയെന്ന ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ലക്ഷ്യ സാക്ഷാല്‍ക്കാരമാണ് പോളി മണിയാട്ട് അച്ചന്‍ നയിക്കുന്ന റീജണല്‍ പഠന ക്‌ളാസ്സുകളിലൂടെ വിഭാവനം ചെയ്യുന്നത്.

വിശുദ്ധ കുര്‍ബ്ബാനയെ പൂര്‍ണ്ണമായി മനസ്സിലാക്കി തീക്ഷ്ണമായി പങ്കു ചേര്‍ന്ന് ആത്മീയാനന്ദം അനുഭവിക്കുവാനും, നിത്യായുസ്സു നല്‍കുന്ന ഏറ്റവും വലിയ ആത്മീയ വിരുന്നില്‍ മാനസികവും ആല്മീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, അവബോധവും ഉണര്‍വ്വും നല്‍കുന്ന പോളി മണിയാട്ടച്ചന്റെ ‘വിശുദ്ധ കുര്‍ബ്ബാന’ പഠന ക്ലാസ്സ് അനുഗ്രഹദായകമാവും. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു ചേരുന്ന ഏതൊരു വിശ്വാസിക്കും അനിവാര്യമായ ഉള്‍ക്കാഴ്ചയും, ജ്ഞാനവും പ്രദാനം ചെയ്യുന്ന ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാന്‍ റീജണല്‍ തലത്തിലും, അല്ലാതെയും ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും, സ്റ്റീവനേജ് പാരീഷ് കമ്മിറ്റിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാംസണ്‍: 07462921022 ; മെല്‍വിന്‍: 07456281428

സെന്റ് ജോസഫ്‌സ് ദേവാലയം. ബെഡ്വെല്‍ ക്രസന്റ്, എസ് ജി 1 1 എല്‍ഡബ്ല്യൂ