ട്യൂമറുകള്‍ രൂപംകൊള്ളുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ക്യാന്‍സര്‍ സാധ്യത സ്ഥിരീകരിക്കുന്ന പരിശോധനാ രീതി വിജയകരം. 10 തരത്തിലുള്ള ക്യാന്‍സറുകള്‍ ഈ രീതിയിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്താനാകും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ രീതി എന്‍എച്ച്എസിലും എത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1400 രോഗികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ 90 ശതമാനം കൃത്യതയോടെ വിജയമായി. ആയിരക്കണക്കിനാളുകള്‍ക്ക് ക്യാന്‍സര്‍ ചികിത്സ തേടാന്‍ ഈ രോഗനിര്‍ണ്ണയ സംവിധാനം സഹായകമാകുമെന്ന് കരുതുന്നു.

ഹെല്‍ത്ത് സര്‍വീസിന് ഒട്ടേറെ രോഗികളെ സഹായിക്കാന്‍ ഈ പുതിയ രീതി സഹായിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. രോഗനിര്‍ണ്ണയം നേരത്തേ നടത്തുന്നത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പാന്‍ക്രിയാറ്റിക്, ഓവേറിയന്‍ ക്യാന്‍സറുകള്‍ പോലും നേരത്തേ കണ്ടെത്താന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പുതിയ രീതിയിലൂടെ സാധിക്കും.

രോഗത്തിന്റെ ജനിതക അടയാളങ്ങളാണ് കണ്ടെത്തുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ ഡിഎന്‍എ ഘടകങ്ങള്‍ പുതിയ പരിശോധനാ രീതിയിലൂടെ കണ്ടെത്താനാകും. രോഗമുക്തി അസാധ്യമെന്ന് കരുതുന്ന അര്‍ബുദങ്ങളില്‍ നിന്ന് പോലും ഈ ഹോളി ഗ്രെയില്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്യാന്‍സറുകള്‍ മിക്കവയും അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ചികിത്സിച്ചു ഭേദപ്പെടുത്താനാകാത്ത ഈ ഘട്ടത്തിലെ രോഗനിര്‍ണ്ണയം മരണനിരക്ക് വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമാണ്.