ലണ്ടന്‍; മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 7 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് ശെമ്മാശപട്ടം നല്‍കും.

യുകെയില്‍ കുടിയേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ആദ്യമായിവൈദികവൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് കാല്‍വിന്‍. ലിസ്ബണിലെ ഫോര്‍ട്ട്ഹില്‍ കോളേജില്‍ പഠനത്തിനു ശേഷം ലണ്ടന്‍ ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും നേടിയതിനു ശേഷമാണ് കാല്‍വിന്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്നത്.

ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന അടൂര്‍ ഇളമണ്ണൂര്‍ പൂവത്തൂര്‍ വീട്ടില്‍ ജെയ്‌സണ്‍ തോമസ് പൂവത്തൂരിന്റെയും ലിനിയുടെയും മകനാണ് കാല്‍വിന്‍. സഹോദരി റിമ. അടൂര്‍ കടമ്പനാട് ഭദ്രാസനത്തിലെ ഇളമണ്ണൂര്‍ സെന്റ് തോമസ് പള്ളിയായിരുന്നു ഇവരുടെ മാതൃഇടവക. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആദ്യമായിട്ടാണ് യുകെയില്‍ ശെമ്മാശപട്ട സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നത്.