അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിനായി അമിത തുക ഈടാക്കുന്ന ഹോം ഓഫീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. അഭയാര്‍ത്ഥികളുടെ കുട്ടികളെ പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി ഹോം ഓഫീസ് കാണുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. 1000 പൗണ്ടിലേറെ വരുന്ന തുകയാണ് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതി ഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്.

ഒരു കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കണമെങ്കില്‍ 1102 പൗണ്ടാണ് ഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി 372 പൗണ്ട് അധികമായി വരും. രണ്ടര വര്‍ഷത്തെ യുകെ സ്റ്റാറ്റസ് ലഭിക്കാനുള്ള ലീവ് ടു റിമെയ്ന്‍ ആപ്ലിക്കേഷന് 1033 പൗണ്ടാണ് നല്‍കേണ്ടത്. 500 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതിനൊപ്പം നല്‍കണം. അടുത്തിടെയാണ് ഈ നിരക്കുകള്‍ ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തിയത്.

വര്‍ഷങ്ങളായി യുകെയില്‍ കഴിഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനായി നേരിടേണ്ടി വരുന്ന യാതനകള്‍ ഏറെയാണെന്നും കണക്കുകള്‍ പറയുന്നു. പണത്തിനായി നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി പലര്‍ക്കും വരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരിലെ സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫീസുകളുടെ യുക്തിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.