ലണ്ടന്‍: ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന യുവാവിനെ ഡീപോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഹോം ഓഫീസ് ഖേദപ്രകടനം നടത്തി. ഷെയ്ന്‍ റിഡ്ജ് എന്ന യുവാവിനോടാണ് ഒന്നുകില്‍ രാജ്യം വിട്ടുപോകുക അല്ലെങ്കില്‍ ജയില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കുക എന്ന് ഹോം ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഹോം ഓഫീസിന്റെ രേഖകള്‍ അനുസരിച്ച് യുകെയില്‍ തുടരാന്‍ ഈ 21കാരന് നിയമപരമായ അവകാശങ്ങള്‍ ഇല്ലെന്നും ഇമിഗ്രേഷന്‍ ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ കത്തില്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും എത്രയും വേഗം രാജ്യം വിട്ടില്ലെങ്കില്‍ പ്രോസിക്യൂഷന് വിധേയനാക്കുമെന്നും ആറ് മാസം വരെ തടവും 5000 പൗണ്ട് പിഴയും ശിക്ഷയായി നല്‍കുമെന്നും കത്തില്‍ വിശദീകരിച്ചിരുന്നു. യുകെ പൗരത്വത്തിനായി അപേക്ഷിച്ചപ്പോള്‍ ഹോം ഓഫീസിന് സംഭവിച്ച പിഴവാണ് ഈ തെറ്റിന് കാരണം. റിഡ്ജിന്റെ അമ്മയുടെ അമ്മ ബ്രിട്ടീഷുകാരിയാണെന്ന് കാര്യം ഹോം ഓഫീസ് ചേര്‍ക്കാതിരുന്നതാണ് റിഡ്ജിന് ഡീപോര്‍ട്ടേഷന്‍ നോട്ടീസ് ലഭിക്കാന്‍ കാരണമായത്.

2017 മാര്‍ച്ചില്‍ത്തന്നെ ഇയാളുടെ ബ്രിട്ടീഷ് പൗരത്വം അംഗീകരിക്കപ്പെടേണ്ടതായിരുന്നു. രേഖകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇത് വ്യക്തമായെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. റിഡ്ജുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചെന്നും ക്ഷമാപണം നടത്തിയെന്നും ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച 100 യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് തെറ്റായ ഡിറ്റെന്‍ഷന്‍ നോട്ടീസ് നല്‍കിയ സംഭവത്തിലും ഹോം ഓഫീസ് ക്ഷമാപണം നടത്തിയിരുന്നു.