യുകെ സ്ഥിരതാമസക്കാരിയായ നീന സാലെ ദത്തെടുത്ത പാകിസ്ഥാനി പെൺകുട്ടി സോഫിയയ്ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നൽകില്ലെന്ന തീരുമാനം പിൻവലിച്ച് ആഭ്യന്തര ഭരണകാര്യാലയം. ദി ഇൻഡിപെൻഡന്റ് ന്യൂസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്തതിനുശേഷമാണ് ആഭ്യന്തരഭരണ കാര്യാലയം തങ്ങളുടെ തീരുമാനം മാറ്റിയത്. കുട്ടിയെ ദത്തെടുക്കാൻ ബ്രിട്ടീഷ് അധികാരികൾ അനുമതി നൽകിയതിനെ തുടർന്നാണ് ലണ്ടനിൽ സ്ഥിരതാമസക്കാരിയായ നോർവീജിയൻ സ്വദേശി നിന സാലെ, കഴിഞ്ഞ നവംബറിൽ പാകിസ്താനിലേക്ക് പോയത്. അന്ന് ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള സോഫിയയുമായി സാലെ പൊരുത്തപ്പെടുകയും ചെയ്തു.

ഒരു ബ്രിട്ടീഷ് താമസക്കാരന് വിദേശത്തുനിന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ കുഞ്ഞിനെ , യു.കെ ദത്തെടുക്കൽ അധികാരികൾ അംഗീകരിക്കുകയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യോഗ്യത സർട്ടിഫിക്കറ്റ് നേടുകയും വേണം. തുടർന്ന് ബ്രിട്ടനിലേക്ക് ദത്തെടുക്കുന്നതിനു മുമ്പ് കുട്ടിയുടെ രാജ്യത്ത് ആവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കണം. ഇതൊക്കെ ചെയ്‌തെങ്കിലും സോഫിയക്കുള്ള യു. കെ വിസ ആഭ്യന്തരഭരണകാര്യാലയം നിരസിച്ചു. പാകിസ്ഥാനിൽ നടന്ന ദത്തെടുക്കൽ യു. കെയിൽ അംഗീകരിക്കാൻ കഴിയില്ല എന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. കറാച്ചിയിൽ ഒരു മുറി വാടകയ്ക്കെടുത്താണ് കഴിഞ്ഞ 7 മാസങ്ങളായി അവർ താമസിക്കുന്നത്. 40 ഡിഗ്രി കവിയുന്ന താപനില താങ്ങാനാവാത്ത അവസ്ഥയിലുമാണ് അവർ ജീവിക്കുന്നത്. ” അവൾക്ക് 7 മാസം പ്രായമുണ്ട്. അവൾ എന്റെ ആദ്യത്തെ കുട്ടിയാണ്. ഇവിടെ ഈ ഒറ്റമുറിയിൽ കഴിയുന്നത് തീർത്തും അസഹനീയമാണ്. ഞങ്ങൾ ഇവിടെ കുടുങ്ങിപോയതിനാൽ അവൾക്ക് വളരുവാനുള്ള പലതും നൽകാൻ കഴിയാതെപോയി. കുടുംബവും സുഹൃത്തുക്കളും ഇല്ലാതെ ഒറ്റപെട്ടാണ് ഇവിടെ കഴിയുന്നത്.” സാലെ പറയുകയുണ്ടായി.

ജൂൺ 17 നാണ് സാലെയുടെ ദുരവസ്ഥയെക്കുറിച്ച് ഇൻഡിപെൻഡന്റ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തത്. ആഭ്യന്തരഭരണകാര്യാലയം കുടുംബങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയക്കാർ രംഗത്ത് വന്നു. സാലെയുടെ വക്കീൽ സൈമ റസാഖിന് 4 ദിവസങ്ങൾക്കുശേഷം ആഭ്യന്തരഭരണകാര്യാലയത്തിൽ നിന്നും ഒരു ഇമെയിൽ ലഭിച്ചു. മിസ് സാലെയുടെ അപേക്ഷ പുനഃപരിശോധിച്ചതിനുശേഷം മുമ്പത്തെ നിർദ്ദേശങ്ങൾ പിൻവലിക്കാനും നിങ്ങളുടെ കക്ഷിക്ക് ഒരു ഇ ഇ ഏ ( യൂറോപ്യൻ ഇക്കണോമിക് ഏരിയ ) ഫാമിലി പെർമിറ്റ്‌ നൽകാനും തീരുമാനമെടുത്തെന്ന് ഇമെയിലിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആഭ്യന്തരഭരണകാര്യാലയം തങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്നും ഈ ദുരവസ്ഥ തങ്ങളെ മാനസികമായും ശാരീരികമായും തളർത്തിയെന്നും സാലെ പറഞ്ഞു. ആഭ്യന്തരഭരണകാര്യാലയത്തിന്റെ ഇത്തരം രീതികളെ അവൾ കുറ്റപ്പെടുത്തി. “ആഭ്യന്തരഭരണ കാര്യാലയം പ്രവർത്തനക്ഷമമാകുന്നതിനും ശരിയായ വിധി ലഭിക്കുന്നതിനും കേസുകൾ പതിവായി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ നീനയെ സംബന്ധിച്ചിടത്തോളം വേഗത്തിലുള്ള പ്രക്രിയ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” ഇമിഗ്രേഷൻ അഡ്വൈസ് സർവീസിലെ സൂപ്പർവൈസർ സൈമ റസാഖ് ഇപ്രകാരം പറഞ്ഞു.ആഭ്യന്തരഭരണകാര്യാലയത്തിന്റെ ഇത്തരം നടപടികൾമൂലം അനേകർക്കാണ് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. മിസ് സാലെയുടെ അപേക്ഷ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണന്ന് ആഭ്യന്തരഭരണ കാര്യാലയം സ്ഥിരീകരിച്ചു.