അതിവിദഗ്ദ്ധ മേഖലയിലുള്ള രണ്ട് ജീവനക്കാരെ ഇമിഗ്രേഷന്‍ നിയമത്തിലെ തീവ്രവാദവുമായി ബന്ധമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരെ കോടതി. ഹോം ഓഫീസ് നിയമലംഘനം നടത്തുകയാണെന്ന് കോടതി പറഞ്ഞു. ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ടാക്‌സ് റിട്ടേണുകളില്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തിയവര്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമത്തിലെ 322 (5) പാരഗ്രാഫ് അന്യായമായി ഉപയോഗിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ നടന്നു വരികയാണ്. കോടതിവിധി ഇവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ തേടുന്ന ആയിരത്തോളം വിദഗ്ദ്ധ തൊഴിലാളികള്‍ 322 (5) അനുസരിച്ച് ഇപ്പോള്‍ നാടുകടത്തലിന്റെ ഭീഷണിയിലാണ്.

ടാക്‌സ് രേഖകളില്‍ ലീഗല്‍ അമെന്‍ഡ്‌മെന്റുകള്‍ വരുത്തിയതിന്റെ പേരിലാണ് ഇവര്‍ നടപടി നേരിടുന്നതെന്ന് ഹൈലി സ്‌കില്‍ഡ് മൈഗ്രന്റ്‌സ് എന്ന സപ്പോര്‍ട്ട് ഗ്രൂപ്പ് പറയുന്നു. ഒലുവാറ്റോസിന്‍ ബാന്‍കോളെ, ഫാറൂഖ് ഷെയ്ഖ് എന്നിവരുടെ കേസിലാണ് അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജ് മെലിസ കാനവാന്‍ ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഹോം ഓഫീസ് അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരെ നീക്കം നടത്തുന്ന 20 എംപിമാര്‍ക്കും ഒരു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗത്തിനും ഈ വിധി ശക്തി പകരുമെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ കോമണ്‍സ് ചര്‍ച്ച നടത്തണമെന്ന് ക്യാംപെയിനിംഗ് നടത്തുന്ന എംപിമാരില്‍ ഒരാളായ ആലിസണ്‍ ത്യൂലിസ് ആവശ്യപ്പെട്ടു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ നിയമത്തില്‍ പുനരവലോകനം ഉണ്ടാകുമെന്നായിരുന്നു ജൂണ്‍ 21ന് തങ്ങള്‍ക്ക് കിട്ടിയ അറിയിപ്പെന്നും എന്നാല്‍ നടപടി മാത്രം ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിയാണ് അതിവിദഗ്ദ്ധ മേഖലയിലുള്ള പല തൊഴിലാളികളും സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. ത്യൂലിസ്സിന്റെ അഭ്യര്‍ത്ഥന ഹോം ഓഫീസ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഹൗസ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം അറിയിച്ചു.