കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ ലാന്‍ഡിംഗ് കാര്‍ഡ് സ്ലിപ്പുകള്‍ ഹോം ഓഫീസില്‍ നിന്നും നശിപ്പിക്കപ്പെട്ടുവെന്ന് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് കോളനിയായിരുന്ന കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ വിവരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.  റെസിഡന്‍സ് പെര്‍മിറ്റിനായ അപേക്ഷിക്കുന്ന സമയത്ത് സ്വന്തം രാജ്യത്ത് നിന്ന് യുകെയില്‍ എത്തിച്ചേര്‍ന്ന വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ റസിഡന്‍സ് പെര്‍മിറ്റുകളോ പൗരത്വമോ നല്‍കുകയുള്ളു. നിലവില്‍ ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന കരീബിയന്‍ കുടിയേറ്റക്കാര്‍ക്ക് രേഖകള്‍ നഷ്ടപ്പെട്ടത് പ്രതികൂലമായി ബാധിക്കും.

കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് 1948 കാലഘട്ടങ്ങളില്‍ കുടിയേറിയവരുടെ ഇമിഗ്രേഷന്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികളില്‍ ഇളവ് അനുവദിക്കുമെന്ന് ഹോം സെക്രട്ടറി ആംബര്‍ റുഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രേഖകളുടെ അപര്യാപ്തത പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ ആഴ്ച്ച പ്രഖ്യാപിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിന്റെ പിന്തുണയുണ്ടെങ്കില്‍ പോലും രേഖകളില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പൗരത്വത്തിനായി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍ യുകെയില്‍ എത്തിച്ചേര്‍ന്ന തിയതി പ്രധാനമാണ്. 1971ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം 1971 മുന്‍പ് യുകെയിലേക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുമെന്ന് അനുശാസിക്കുന്നുണ്ട്. 1971 ന് മുന്‍പ് യുകെയില്‍ എത്തിച്ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഏകെ രേഖയാണ് ലാന്‍ഡിംഗ് കാര്‍ഡ്.

2010ല്‍ ക്രോയ്‌ഡോണിലെ ഹോം ഓഫീസ് അടച്ചു പൂട്ടിയ സമയത്താണ് രേഖകള്‍ നശിപ്പിക്കപ്പെട്ടതെന്ന് മുന്‍ ജീവനക്കാരന്‍ പറയുന്നു. 1950നും 1960നും ഇടയിലുള്ള ലാന്‍ഡിംഗ് രേഖകളാണ് ഈ സമയത്ത് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ രേഖകള്‍ നശിപ്പിക്കുന്നത് വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മനേജര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഇയാള്‍ പറഞ്ഞു. 2010 ഒക്ടോബര്‍ അവസാനത്തോടെ രേഖകളെല്ലാം നശിപ്പിക്കപ്പെട്ടു. ഈ കാലഘട്ടങ്ങളില്‍ തെരേസ മെയ് ആയിരുന്നു ഹോം സെക്രട്ടറി. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന മുന്‍ ജീവനക്കാരന്റെ പേര് പുറത്ത് വിട്ടിട്ടില്ല.