യുകെ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി കുടിയേറ്റക്കാര്‍ക്ക് ഡിഎന്‍എ ടെസ്റ്റ് ഏര്‍പ്പെടുത്തി ഹോം ഓഫീസ്. കുട്ടികള്‍ ബ്രിട്ടീഷ് പൗരന്‍മാരായ, യുകെ സെറ്റില്‍ഡ് സ്റ്റാറ്റസിന് അപേക്ഷിച്ച കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ച് കത്തയച്ചിരിക്കുകയാണ് ഹോം ഓഫീസ്. എന്നാല്‍ ഇമിഗ്രേഷനില്‍ ഡിഎന്‍എ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നയത്തിന്റെ ലംഘനമാണ് ഹോം ഓഫീസ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിഎന്‍എ വിവരങ്ങള്‍ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ ആണെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്‌സ് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് വിവാദമാരംഭിച്ചത്.

നിരവധി പേര്‍ക്ക് കത്തുകള്‍ അയച്ചതായി സമ്മതിച്ച ഹോം ഓഫീസ് ഇപ്പോള്‍ ഈ കത്തുകള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളാണെന്ന് തെൡയിക്കാന്‍ ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കണമെന്ന് കാട്ടി ഒരു സ്റ്റാറ്റസ് അപേക്ഷകന്റെ സോളിസിറ്റര്‍ക്ക് ഹോം ഓഫീസ് കത്തയച്ചിരുന്നു. കുട്ടിക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സ്വന്തമായുണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു നടപടി. ഇത് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ കക്ഷിയുടെ സ്റ്റാറ്റസ് അംഗീകരിക്കാന്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് സാധിക്കില്ലെന്നാണ് കത്ത് വ്യക്തമാക്കുന്നത്.

ഡിഎന്‍എ ടെസ്റ്റ് നിര്‍ബന്ധിതമല്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി പറയുന്നുണ്ടെങ്കിലും അവതരുടെ ഉദ്യോഗസ്ഥര്‍ ഇത് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുകയാണെന്ന് അപേക്ഷകന്റെ സോളിസിറ്ററായ എന്നി ചൗധരി പറയുന്നു. ഇത് നിയമവിരുദ്ധമാണെന്നത് സ്പഷ്ടമാണെന്നിരിക്കെ തന്റെ കക്ഷിയുടെ അപേക്ഷയിന്‍മേലുള്ള തീരുമാനം രണ്ടു വര്‍ഷമായി വൈകിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹോം ഓഫീസ് നടപടിക്കെതിരെ ക്യാംപെയിനര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.