കുടിയേറ്റക്കാര്‍ നിര്‍ബന്ധിത ഡിഎന്‍എ പരിശോധന നടത്തണമെന്ന ഹോം ഓഫീസ് നിര്‍ദേശത്തില്‍ ഖേദപ്രകടനം നടത്തി സാജിദ് ജാവീദ്. ഹോം ഓഫീസ് റിവ്യൂവിന്റെ ഭാഗമായാണ് ഡിഎന്‍എ പരിശോധന നടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 449 പേര്‍ക്ക് പരിശോധന നടത്താനുള്ള കത്തുകള്‍ അയച്ചു. യുകെ ഗവണ്‍മെന്റ് ജീവനക്കാരായ ഗൂര്‍ഖ, അഫ്ഗാന്‍ വംശജര്‍ക്കും ഇത്തരത്തില്‍ കത്തുകള്‍ പോയി. ഇത് അംഗീകരിക്കാനാകാത്ത പിഴവാണെന്ന ഹോം സെക്രട്ടറി ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തെറ്റും അവ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. നാലു മാസം മുമ്പാണ് ഹോം ഓഫീസ് ഇന്റേണല്‍ റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് നിര്‍ബന്ധിത ഡിഎന്‍എ ടെസ്റ്റുകള്‍ നിര്‍ദേശിച്ചതായി ഹോം ഓഫീസ് പിന്നീട് സമ്മതിച്ചിരുന്നു.

ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കുക എന്നത് ഒരിക്കലും നിര്‍ബന്ധിതമായിരുന്നില്ല. താല്‍പര്യമുള്ളവര്‍ മാത്രം അത് നല്‍കിയാല്‍ മതിയാകും. യുകെ ഗവണ്‍മെന്റ് നിയമിച്ച അഫ്ഗാന്‍ വംശജര്‍ക്കു വേണ്ടി 2013ലാണ് നിര്‍ബന്ധിത ഡിഎന്‍എ ടെസ്റ്റ് നടപ്പാക്കിയത്. എന്നാല്‍ ഇത് പിന്നീട് എടുത്തു കളഞ്ഞിരുന്നു. 2015 ജനുവരിയില്‍ നേപ്പാള്‍ വംശജരായ ഗൂര്‍ഖകളുടെ പരമ്പരയിലുള്ളവര്‍ക്കു വേണ്ടി ഈ പരിശോധന ഏര്‍പ്പാടാക്കി. 200 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ് ഗൂര്‍ഖകള്‍. ഇതും തെറ്റായ സമീപനമായിരുന്നു. ഈ നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരായവരോട് ക്ഷമ ചോദിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

തട്ടിപ്പ് കണ്ടെത്തുന്നതിനായി 398 പേര്‍ക്ക് ഡിഎന്‍എ ടെസ്റ്റ് നടത്താനായിരുന്നു പദ്ധതിയെന്ന് ഹോം ഓഫീസ് റിപ്പോര്‍ട്ട് പറയുന്നു. 2016ല്‍ അവതരിപ്പിച്ച ഈ പദ്ധതിയില്‍ ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ 83 അപേക്ഷകള്‍ നിരസിച്ചു. 51 പേരോട് ബന്ധുക്കളായ ഗൂര്‍ഖ വംശജരുടെ ഡിഎന്‍എ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ആരോടും ഡിഎന്‍എ തെളിവുകള്‍ ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇക്കാരണത്താല്‍ ആരു ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും ജാവീദ് വ്യക്തമാക്കി.