ലണ്ടന്‍: യൂറോപ്യന്‍ വിപണിയില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് സാധിച്ചില്ലെങ്കില്‍ യുകെ വിടുമെന്ന സൂചന നല്‍കി ജാപ്പനീസ് കമ്പനികള്‍. വാഹന നിര്‍മാണ ഭീമനായ ഹോണ്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതേക്കുറിച്ച് ആലോചിക്കുന്നതായി ബ്രിട്ടനിലെ ജപ്പാന്‍ സ്ഥാനപതി കോജി സുറുവോക്കയാണ് അറിയിച്ചത്. സൗത്ത് മാഴ്‌സറ്റണില്‍ കാര്‍ നിര്‍മാണ യൂണിറ്റുള്ളള ഹോണ്ട ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന കരാറുകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിനിധികളെ അയച്ചു. പ്രതിബന്ധങ്ങളില്ലാത്ത വ്യാപാരക്കരാര്‍ സാധ്യമായില്ലെങ്കില്‍ അത് ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും ഇല്ലാതാക്കുകയെന്നാണ് കമ്പനി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.

കരാറുകള്‍ സാധ്യമായില്ലെങ്കില്‍ കമ്പനികള്‍ ബ്രിട്ടന്‍ വിടുമോ എന്ന ചോദ്യത്തിന് യുകെയില്‍ തുടരുന്നത് ലാഭകരമല്ലെങ്കില്‍ ജാപ്പനീസ് കമ്പനികള്‍ക്ക് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കൊന്നും ഇവിടെ തുടരാന്‍ കഴിയില്ലെന്നായിരുന്നു അംബാസഡര്‍ നല്‍കിയ മറുപടി. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സ്വതന്ത്രമായി ഇടപെടാനുള്ള സൗകര്യമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ നിര്‍മാതാക്കളായ നിസാന്‍, ടൊയോട്ട എന്നിവയും ട്രെയിന്‍ നിര്‍മാതാക്കളായ ഹിറ്റാച്ചി, ബാങ്കുകളായ നോമുറ, മിസുഹോ, സുമിതോമോ മിറ്റ്‌സുയി എന്നിവരും എനര്‍ജി, ടെക് കമ്പനികളും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.

തെരേസ മേയ്, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് തൊഴിലാളികളുടെ ജോലിയുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളെ ബാധിക്കുമെന്ന് ഹോണ്ട ജീവനക്കാരെ പ്രതിനിധീകരിച്ച് യുണൈറ്റ് പ്രതിനിധി ലെന്‍ മക്ക്ലൂസ്‌കി പറഞ്ഞു. ബ്രിട്ടനിലെ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ ഹോണ്ട പറഞ്ഞിരുന്നത്. എന്നാല്‍ അംബാസഡറുടെ വാക്കുകള്‍ ഈ തീരുമാനം കമ്പനി മാറ്റിയിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.