ദളിത് യുവാവിനെ പ്രണയിച്ച കോളേജ് വിദ്യാര്‍ഥിനിയെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരു ജില്ലയിലെ എച്ച്.ഡി കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. ഗൊല്ലനബീഡു ഗ്രാമനിവാസിയും മൈസൂരുവിലെ കോളേജ് വിദ്യാര്‍ഥിനിയുമായ സുഷമ (20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച സൗഹൃദം പ്രണയമായി വളര്‍ന്നു. മുതിര്‍ന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷിതാക്കള്‍ സ്വസമുദായത്തിലെ യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും സുഷ്മ വഴങ്ങിയില്ല. ഫെബ്രുവരി 21-ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മകളെ വിഷം കൊടുത്ത് കൊന്നതിനു ശേഷം മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. സുഷമയെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അന്വേഷിച്ചപ്പോള്‍ കുമാര്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പോലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്വമേധയ കേസെടുത്ത പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞമാസം 21-നാണ് കൃത്യം നടത്തിയതെന്ന് മൊഴിനല്‍കി. സംസ്‌കരിച്ച സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.