ആശുപത്രികളിലെ പാര്‍ക്കിംഗ് ചാര്‍ജുകളെച്ചൊല്ലിയുള്ള പരാതികള്‍ തുടരുന്നതിനിടെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍ക്കിംഗ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഇളവു ചെയ്ത് എന്‍എച്ച്എസ് ആശുപത്രി. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ ജനറലിലാണ് ജീവനക്കാരുടെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ ഇളവു വരുത്തിയത്. മൂന്നു മാസത്തേക്കാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലാവധിക്കു ശേഷം 1.50 പൗണ്ട് നിരക്കില്‍ ഒരു ദിവസത്തെ പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇപ്പോള്‍ വാങ്ങുന്നതിന്റെ പകുതി നിരക്കാണ് ഇത്. ആശുപത്രി പാര്‍ക്കിംഗിനായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈടാക്കുന്നത് വലിയ നിരക്കാണെന്ന പരാതി നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇംഗ്ലണ്ടിലെ 10 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 200 മില്യന്‍ പൗണ്ട് വരും. പാര്‍ക്കിംഗ് ഫീസ് എടുത്തു കളയണമെന്ന ആവശ്യവും ശക്തമാണ്.

കോള്‍ചെസ്റ്ററിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് ബസ് രാത്രി 9 മണി വരെയാണ്. ശനിയാഴ്ചകളില്‍ ഇത് 7 മണിക്ക് അവസാനിക്കും. ഞായറാഴ്ചകളില്‍ ഈ ഇളവ് അനുവദിക്കുന്നില്ല. മൂന്നു മാസത്തേക്ക് ആശുപത്രി ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കം പബ്ലിക് സെക്ടര്‍ യൂണിയനായ യൂണിസണ്‍ സ്വാഗതം ചെയ്തു. ഈ ഇളവ് ദീര്‍ഘിപ്പിക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. സാധ്യമാകുമെങ്കില്‍ രോഗികളുടെയും ജീവനക്കാരുടെയും പാര്‍ക്കിംഗം പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കണമെന്ന് യൂണിസണ്‍ ഹെല്‍ത്ത് വിഭാഗം മേധാവി സാറ ഗോര്‍ട്ടന്‍ പറഞ്ഞു. പാര്‍ക്ക് ആന്‍ഡ് റൈഡ് സ്‌കീമുകള്‍ ഉപകാരപ്രദമാണ്. എന്നാല്‍ വീക്കെന്‍ഡില്‍ ജോലി ചെയ്യുന്നവരെയും പുലര്‍ച്ചെയും മറ്റും ജോലി അവസാനിപ്പിക്കുന്നവരെയും പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈസ്റ്റ് സഫോള്‍ക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍സൈറ്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ വളരെ കുറച്ചു മാത്രം അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. 3000 ജീവനക്കാര്‍ക്കു വേണ്ടി 1000 പെര്‍മിറ്റുകള്‍ മാത്രമേ നല്‍കാനാകൂ എന്നാണ് ട്രസ്റ്റ് ആദ്യം നിലപാടെടുത്തത്. പാര്‍ക്ക് ആന്‍ഡ് റൈഡ് ഡിസ്‌കൗണ്ട് നല്‍കുന്നതിനായി പെര്‍മിറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.