ലണ്ടന്‍: ഭീകരാക്രമണമുണ്ടായാലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കണമെന്ന് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നിര്‍ദേശം. ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ആശുപത്രികള്‍ക്കും 27 സ്‌പെഷ്യല്‍ ട്രോമ കെയര്‍ യൂണിറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നിഗമനത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. സര്‍ജിക്കല്‍ ടീമുകള്‍ ഏത് സമയത്തും തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശം. ബോംബ് സ്‌ഫോടനമോ വെടിവെപ്പോ ഉണ്ടായാല്‍ അതില്‍ പരിക്കു പറ്റുന്നവര്‍ക്ക് ആവശ്യമായ പരിചരണം അടിയന്തരമായി ലഭ്യമാക്കാനാണ് ഈ നടപടി.

രാജ്യത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും സുരക്ഷാ ഭീഷണി ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്‍കരുതലുകള്‍. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനു മുമ്പ് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ട്രോമ, ക്രിസ് മോറാന്‍ ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

മാഞ്ചസറ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. സുരക്ഷ ശക്തമാക്കിയതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ ആശുപത്രികളെ ഇക്കാര്യം അറിയിച്ചെന്നും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും അധികൃതര് പറഞ്ഞു.