ആലപ്പുഴ സ്വദേശിയായ ശ്രീമോളാണ് വഴിയോരത്ത് കച്ചവടത്തിന് വെച്ച ടെഡി ബെയര്‍ മകള്‍ക്ക് വാങ്ങിക്കൊടുത്തത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പാവ തുറന്ന് നോക്കിയപ്പോഴാണ് രക്തവും മരുന്നും കലര്‍ന്ന പഞ്ഞിയും ബാന്‍ഡ്എയ്ഡും കണ്ടെത്തിയത്.

തങ്ങള്‍ക്കുണ്ടായ ദുരനുഭവം ശ്രീമോള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ഗന്ധമാണുള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലുമാകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലെന്നും ശ്രീമോള്‍ പറയുന്നു.

കഴിഞ്ഞ മാസം ഊട്ടിയിലേക്കുള്ള യാത്രയിലാണ് ശ്രീമോള്‍ പാവ വാങ്ങിയത്. മകള്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ പാവയെ വാങ്ങുകയായിരുന്നെന്ന് ശ്രീമോള്‍ പറയുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീട്ടില്‍ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും യാതൊരു സംശയവും തോന്നിയില്ല. എന്നാല്‍ ദുര്‍ഗന്ധം തുടര്‍ന്നപ്പോള്‍ പാവയെ തുറന്ന് നോക്കുകയായിരുന്നു. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിയോരക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ ടെഡി ബെയറിനെ വാങ്ങിയത്. 350 രൂപയായിരുന്നു ടെഡിയുടെ വില.