വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍‌സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും മരണം പോലും സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു.

ഹീറ്റ് വേവ് തുടരുന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് വിന്ററിലെ അതേ അവസ്ഥയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി പറഞ്ഞു. ഹോസ്പിറ്റലുകളിലെയും കമ്യൂണിറ്റികളിലെയും ആംബുലന്‍സ് സര്‍വീസുകളിലെയും ജീവനക്കാരില്‍ കുറച്ചു പേര്‍ സിക്ക് ലീവിലാണ്. അതിലേറെപ്പേര്‍ ഹോളിഡേകള്‍ക്കായി പോയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രോഗിളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നും എന്‍എച്ച്എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.