ലണ്ടന്‍: യുകെയിലെ ഹൗസിംഗ് പ്രതിസന്ധി വരുന്ന വര്‍ഷങ്ങളില്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. 2020 ഓടെ ഭവനരഹിതരാകാന്‍ ഇടയുള്ളത് പത്ത് ലക്ഷത്തിലേറെ കുടുംബങ്ങളാണെന്ന് പഠനം. ചാരിറ്റിയായ ഷെല്‍റ്റര്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തുന്നത്. ഉയരുന്ന വാടക, ബെനഫിറ്റുകള്‍ ഇല്ലാതാകുന്നത്, സോഷ്യല്‍ ഹൗസിംഗിന്റെ അഭാവം എന്നിവയാണ് ഇത്രയും കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ കാരണമെന്ന് പഠനം പറയുന്നു.

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ വാങ്ങാന്‍ കഴിയില്ല എന്നതു മാത്രമല്ല, സ്വകാര്യ മേഖലയിലെ വാടക നല്‍കാനുള്ള ശേഷിയും ഇല്ലാതാകും. ഇതോടെ വാടക വീടുകളില്‍ നിന്ന് കുടിയിറക്കലുകള്‍ വര്‍ദ്ധിക്കുകയും ഭവനരാഹിത്യം വര്‍ദ്ധിക്കുകയും ചെയ്യും. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം ഓവര്‍ ഹൗസിംഗ് നയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദത്തിന് ഈ പഠനം ആക്കം കൂട്ടുമെന്നാണ് കരുതുന്നത്. കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ സുരക്ഷാപ്പിഴവുകളാണ് ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം സൂചിപ്പിക്കുന്നത്.

സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ വീടുകള്‍ ലഭിക്കാതെ വരുമ്പോള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ പോകും. ഹൗസിംഗ് ബെനഫിറ്റുകള്‍ 2020 വരെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് തുടരുന്നതോടെ ഒരാള്‍ക്ക് മാത്രം ജോലിയുള്ള 3,75,000 കുടുംബങ്ങള്‍ പെരുവഴിയിലേക്ക് ഇറക്കപ്പെടുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുസരിച്ച് വാടക വീടുകളില്‍ കഴിയുന്ന 2,11,000 കുടുംബങ്ങളും കുടിയിറക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.