സ്വന്തം ലേഖകൻ

കഴിഞ്ഞ വർഷം ഒക്ടോബറിൽ എസെക്സിലെ ഇൻഡസ്ട്രിയൽ പാർക്കിൽ വച്ച് ട്രാക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 വിയറ്റ്നാമീസ് നാഷണൽസ് ലോകമനസ്സാക്ഷിക്കേറ്റ മുറിവായിരുന്നു. വിയറ്റ്നാമിൻെറയും യുകെയുടെയും ഇടയിൽ നടക്കുന്ന കരളുറയുന്ന മനുഷ്യക്കടത്തിന്റെയും അടിമകച്ചവടത്തിന്റെയും കഥകളാണ് പുറത്തുവന്നിരിക്കുന്നത്.

നോർത്ത് ഇംഗ്ലണ്ടിലെ ട്രെയിൻ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ ബാ എന്ന വിയറ്റ്നാമീസ് ബാലന്റെ കഥ മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും മനുഷ്യക്കടത്തിന്റേതും ആണ്. ഇപ്പോൾ ലണ്ടനിൽ വളർത്തഛന്റെയും വളർത്തമ്മയും കൂടെ കഴിയുന്ന ബാ എന്ന ബാലൻ 18 വയസ്സിലെ വളർച്ച ഇല്ലാത്ത അനാരോഗ്യവാനായ കുട്ടിയാണ്. അവൻ തന്റെ അനുഭവ കഥ വിവരിക്കുമ്പോൾ കേട്ടു നിൽക്കുന്ന ആളിന് പൂർണ്ണമായി മനസ്സിലാവുന്നുണ്ട് എന്നും, കഥ പറച്ചിൽ അവനെ മാനസികമായി തളർത്തുന്നില്ല എന്നും അമ്മ ശ്രദ്ധിക്കുന്നു. ലണ്ടനിലെ വീട്ടിലെ അടുക്കളയിൽ ഇരുന്നുകൊണ്ടാണ് ബാ കഥ പറഞ്ഞു തുടങ്ങിയത്.

യുകെയിലേക്ക് വർഷംതോറും കടത്തിക്കൊണ്ടു വരുന്ന വിയറ്റ്നാമീസ്കാരിൽ ഒരാൾ മാത്രമാണ് ബാ. നാഷണൽ ക്രൈം ഏജൻസിയുടെ കണക്കുകൾ പ്രകാരം 2018ലെ 702 കേസുകളിൽ മൂന്നിലൊന്നും 2018ലെ 702 കേസുകളിലെ മൂന്നിലൊന്ന് അടിമകളും വിയറ്റ്നാമീസുകാരായിരുന്നു. ഓരോ വർഷവും 18000 പേർ യൂറോപ്പിലേക്ക് എത്തിപ്പെടുന്നുണ്ട്.

ബായെ കടത്തിക്കൊണ്ടുവന്നത് ചൈനീസുകാർ ആണെന്നാണ് കരുതുന്നത്. ഹോചി മിൻ സിറ്റിയിലെ ഒരു തെരുവിൽ, ലോട്ടറി കച്ചവടം നടത്തിയും പൈപ്പിനുള്ളിൽ ഉറങ്ങിയും ആണ് ബാ ജീവിച്ചത്. മുതിർന്ന ആളുകൾ പലപ്പോഴും അവന്റെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിക്കാറുണ്ടായിരുന്നു. ഒരുദിവസം ഒരുപാട് പണം സമ്പാദിക്കാനുള്ള വഴി കാണിച്ചുതരാം എന്നുപറഞ്ഞ് ഒരു വയസ്സായ മനുഷ്യൻ ബാ യുടെ അടുത്തെത്തി. വേണ്ട എന്നു പറഞ്ഞു ഓടിരക്ഷപ്പെടാൻ ശ്രമിച്ച അവനെ ഒരു ചാക്ക് കൊണ്ട് മൂടി ബലമായി ഒരു വാനിനുള്ളിൽ കയറ്റി. വഴിയിലെവിടെയോ വച്ച് അക്രമികൾ മാറിയതായി അവൻ അറിഞ്ഞു. കുറേ ദൂരം സഞ്ചരിച്ച് ശേഷം അവർ എത്തിപ്പെട്ടത് ചൈനയിലെ ഒരു വെയർഹൗസിൽ ആയിരുന്നു. ജോലിക്കായി ഒരിടത്തേക്ക് അയക്കാൻ പോവുകയാണെന്നും കാത്തിരിക്കാനും ആവശ്യപ്പെട്ട് അവനെ അവിടെ മാസങ്ങളോളം പാർപ്പിച്ചു. ഒരു കാരണവുമില്ലാതെ ഇടയ്ക്കിടയ്ക്ക് അവനെ തല്ലി ചതക്കുമായിരുന്നു. ഒരിക്കൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് അവന്റെ നെഞ്ചിലൂടെ ചൂടുവെള്ളം ഒഴിച്ചു. ഒന്ന് അനങ്ങാനോ കരയാനോ ആവാതെ ദിവസങ്ങളോളം അവിടെ കിടന്നു. അന്ന് പൊള്ളിയ പാടുകൾ ശരീരമാസകലം ഇപ്പോഴുമുണ്ട്.

ഒരു ദിവസം ഒരു ട്രക്കിൽ കയറ്റി അവനെ യുകെയിൽ എത്തിച്ചു. നിശബ്ദമായ ആ ട്രക്കിനുള്ളിൽ കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷ നേടാൻ അവൻ കാർഡ്ബോർഡ് കഷണങ്ങളാണ് ഉപയോഗിച്ചത്. വളരെ നീണ്ട ആ യാത്രയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഭ്രാന്ത് പിടിച്ച് അവന് ഉറങ്ങാൻ പോലും സാധിച്ചില്ല. യുകെയിലെ ഒരു അനധികൃത കഞ്ചാവ് തോട്ടത്തിലെ തോട്ടക്കാരൻ ആയിട്ടാണ് അവനെ അവിടെ എത്തിച്ചത്. ആൾപ്പാർപ്പില്ലാത്ത ഒരു രണ്ടുനില വീട്ടിൽ അവനെ പൂട്ടിയിട്ടു. കൃത്യമായ സമയക്രമത്തിൽ ചെടികൾ നനയ്ക്കുകയും, ലൈറ്റിട്ട് ചെടികൾക്ക് പ്രകാശം നൽകുകയുമായിരുന്നു അവന്റെ ജോലി. അവൻ ചെയ്ത ജോലിയുടെ പ്രതിഫലം അവന് ഒരിക്കലും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനും ജോലിചെയ്യാനും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. എപ്പോഴെങ്കിലും ചെടികൾ വിളവ് നൽകാതിരുന്നാൽ അവന്റെ ചൈനീസ് സംസാരിക്കുന്ന യജമാനൻ അവനെ തല്ലിച്ചതക്കുമായിരുന്നു. അവൻെറ നെഞ്ചിലെ പൊള്ളിയ പാടുകളിൽ ആണ് എപ്പോഴും അയാൾ ചവിട്ടിയിരുന്നത്.

അവിടുത്തെ സ്റ്റെയർ റൂമിലെ ജനാലചില്ല് പൊട്ടിച്ചു ഒരിക്കൽ ബാ ഓടിരക്ഷപ്പെട്ടു. ഒരു പാക്കറ്റ് ബിസ്കറ്റ് മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്. കൺമുൻപിൽ കണ്ട റെയിൽവേ ലൈനിലൂടെ ഓടിരക്ഷപ്പെട്ട അവൻ എത്തിയത് ഒരു റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അവിടുത്തെ ബ്രിട്ടീഷ് പോലീസുകാരാണ് ആദ്യമായി അവനോട് കരുണയോടെ പെരുമാറിയത്.

പുതിയ വീട്ടിൽ ഇപ്പോൾ അവൻ സുരക്ഷിതനാണ്. ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതും, കോളേജിൽ മികച്ച ഗ്രേഡ് വാങ്ങിയതിന് സമ്മാനം ലഭിച്ചതും എല്ലാം ഇപ്പോൾ മാത്രമാണ്. ബാ അനേകം കുട്ടികളിൽ ഒരാളുടെ പ്രതിനിധി മാത്രമാണ് എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.