കുട്ടികളുടെ ബുദ്ധിവികാസം അവരുടെ ഭാവിയെയാണ് നിര്‍ണയിക്കുന്നത്. അവരുടെ ധിഷണ, വ്യക്തിത്വം, മാനസികമായ സ്ഥിരത തുടങ്ങിയവയ്ക്ക് ചെറുപ്പത്തിലേ അടിത്തറ പാകണം. ബുദ്ധി വികാസം കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ തുടങ്ങുന്നു. അതുകൊണ്ടു തന്നെ ബുദ്ധിമാനായ/ ബുദ്ധിമതിയായ കുട്ടി ജനിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നു സാരം.
1. ബുദ്ധിവികാസത്തില്‍ മാതാപിതാക്കള്‍ക്കുള്ള സ്വാധീനം

ഗര്‍ഭത്തിലായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞിന്റെ തലച്ചോറ് വളരെ വേഗം വളരുന്നുണ്ട്. ഭ്രൂണം മൂന്നാഴ്ച പ്രായം പിന്നിടുമ്പോള്‍ തലച്ചോറിന്റെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ രൂപം കൊള്ളുന്നു. അടുത്ത ആഴ്ച മുതല്‍ തലച്ചോറ് പ്രവര്‍ത്തനമാരംഭിക്കും. അതായത് ഒരു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനും ബുദ്ധിവികാസം ആരംഭിക്കാന്‍ തുടങ്ങും. കുട്ടി ജനിച്ച് ആദ്യത്തെ അഞ്ചു വര്‍ഷത്തിലാണ് തലച്ചോറിന്റെ 90 ശതമാനവും വികസിക്കുന്നത്. കുട്ടിയുടെ വളര്‍ച്ചയിലും ബുദ്ധിശക്തി ആര്‍ജ്ജിക്കുന്നതിലും ചുറ്റുപാടുകളും ഏറെ പങ്കു വഹിക്കുന്നുണ്ട്.

2. ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും

ശിശുക്കള്‍ ഗര്‍ഭാവസ്ഥയില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കുമെന്ന് ഒരിക്കലും കരുതരുത്. അവരുമായി സംസാരിക്കാനും പുസ്തകങ്ങള്‍ വായിച്ചു കൊടുക്കാനും പാട്ടുകള്‍ കേള്‍പ്പിക്കാനും മറക്കരുത്. ജനനത്തിനു ശേഷമുള്ള വളര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കാനുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായ മീനുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മൂന്നു മുതല്‍ ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള സത്രീകള്‍ ഭക്ഷണത്തില്‍ മത്സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികളിലുണ്ടാകുന്ന മാനസിക വളര്‍ച്ച വേഗത്തിലായിരിക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മുതിരയെണ്ണ, കടുകെണ്ണ എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. വെജിറ്റേറിയന്‍മാര്‍ക്ക് ഇവ ഉപയോഗിക്കാം. മുട്ടയുടെ വെള്ള, കോളിഫഌവര്‍ എന്നിവയും ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് മികച്ചതാണ്.

ഭക്ഷണത്തിന്റെ അളവല്ല, പോഷകാംശമാണ് പ്രധാനം. രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിച്ച് വണ്ണം കൂട്ടുന്നത് വളര്‍ച്ചയെത്താതെയുള്ള പ്രസവത്തിനി കാരണമായേക്കാം. കുട്ടിയുടെ തലയ്ക്കും തലച്ചോറിനും വലിപ്പം കുറയുന്നതിനും അതുമൂലം ബുദ്ധിശക്തി കുറയുന്നതിനു പോലും ഇത് കാരണമായേക്കാം.

പുകവലി, ആല്‍ക്കഹോള്‍, മലിനമായ വായു തുടങ്ങിയവ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. മാലിന്യങ്ങള്‍ പ്ലാസന്റ വഴി കുഞ്ഞിന്റെ ഡിഎന്‍എയിലെത്തുകയും പെരുമാറ്റ വൈകല്യങ്ങള്‍്കു വരെ കാരണമാകുകയും ചെയ്യും. മലിനമായ നഗരാന്തരീക്ഷത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുക.

3. ജനനം മുതല്‍ മൂന്നു വയസു വരെ

ഈ പ്രായത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അവരുമായി സംസാരിക്കാനും അവസരം കണ്ടെത്തണം. പങ്കുവയ്ക്കല്‍ പോലയുള്ള സാമൂഹ്യ മര്യാദകളും സ്വഭാവ ഗുണങ്ങളും ഈ പ്രായത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് സ്വായത്തമാക്കുന്നു

4. നാലു വയസു മുതല്‍ ഏഴു വയസു വരെ

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും വളര്‍ത്തിയെടുക്കാന്‍ ഈ പ്രായത്തില്‍ പരിശീലിപ്പിക്കാം. സൈക്കിള്‍ ചവിട്ടാനും ശാരീരികമായി അധ്വാനമുള്ള കളികളില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കുക. ടിവി, ഡിവിഡി എന്നിവയില്‍ നിന്ന് പരമാവധി അകലം പാലിക്കാനും ഈ സമയത്ത് കുട്ടികളെ പ്രേരിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളൂ. മാനസിക വളര്‍ച്ചയില്‍ ശാരീരികാരോഗ്യം കെട്ടിപ്പടുക്കുന്നതും പ്രധാനമാണ്.