ആരോഗ്യമേഖലയിലെ മാതൃകാ പദ്ധതിക്ക് സാവധാന മരണം; എന്‍എച്ച്എസിനെ ഇല്ലാതാക്കുന്നത് ഇങ്ങനെ

ആരോഗ്യമേഖലയിലെ മാതൃകാ പദ്ധതിക്ക് സാവധാന മരണം; എന്‍എച്ച്എസിനെ ഇല്ലാതാക്കുന്നത് ഇങ്ങനെ
February 12 09:25 2016 Print This Article

ലണ്ടന്‍: സര്‍ക്കാരിന്റെ ആരോഗ്യ സാമൂഹ്യ സുരക്ഷാ നിയമപ്രകാരം എന്‍എച്ച്എസ് ഫലത്തില്‍ ഇല്ലാതായ കാര്യം ആരും അറിഞ്ഞിട്ടില്ല. പുറമെ നിന്ന് നോക്കുമ്പോള്‍ എന്‍എച്ച്എസിന് ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും നിങ്ങളുടെ ജനറല്‍ പ്രാക്ടീഷണര്‍മാരെ ഇവിടെ നിങ്ങള്‍ക്ക് കാണാനാകും. ആശുപത്രിയില്‍ പോയി സൗജന്യമായി സേവനങ്ങള്‍ നേടാനും കഴിയും. എന്നാല്‍ തിരശീലക്ക് പിന്നില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എന്‍എച്ച്എസ് സ്വകാര്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മുപ്പത് കൊല്ലമായി എന്‍എച്ച്എസിനെ ഇല്ലാതാക്കാന്‍ അധികൃതര്‍ ശ്രമിച്ച് വരികയാണെന്ന് ടവര്‍ ഹാംലറ്റിലെ ഒരു ജിപി പറഞ്ഞു. ഇപ്പോളത് സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ഗരറ്റ് താച്ചറിന്റെ കാലത്താണ് ഇതിനുളള ആദ്യ ശ്രമങ്ങള്‍ തുടങ്ങിയത്. താച്ചറിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്ന കെന്‍ ക്ലാര്‍ക്ക് എന്‍എച്ച്എസിനെ വിപണിക്ക് പരിചയപ്പെടുത്തി. ആശുപത്രി ട്രസ്റ്റുകളെ സേവനദാതാക്കളും ജിപികളെയും കമ്മ്യൂണിറ്റി ട്രസ്റ്റുകളെയും സേവനം വാങ്ങുന്നവരുമാക്കി. ഇതിന്റെ ഫലമായി ഭരണച്ചെലവുകള്‍ വര്‍ദ്ധിച്ചു. ഈ ആഭ്യന്തര വിപണിക്ക് വേണ്ടി മാത്രം വാര്‍ഷിക ബജറ്റിന്റെ പത്ത് ശതമാനവും നീക്കി വയ്‌ക്കേണ്ടി വന്നു. അതായത് ഒരു വര്‍ഷം പത്ത് ബില്യന്‍ പൗണ്ടോളം.
പിന്നീടു വന്ന ലേബര്‍ സര്‍ക്കാര്‍ എന്‍എച്ച്എസിലേക്ക് സ്വകാര്യപൊതു പങ്കാളിത്തം പരിചയപ്പെടുത്തി.

ജോണ്‍ മേജറിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ സംവിധാനം ആവിഷ്‌ക്കരിച്ചത്. സര്‍ക്കാര്‍ വായ്പകള്‍ കുറച്ച് കൊണ്ട് സ്വകാര്യ നിക്ഷേപകരെ പൊതുമേഖലയിലെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഇതിന്റെ ചെലവ് 11.6 ബില്യന്‍ പൗണ്ടായിരുന്നു. എന്നാല്‍ ഇതിനകം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രികള്‍ എന്‍പത് ബില്യന്‍ പൗണ്ട് തിരിച്ചടയ്‌ക്കേണ്ടി വരും. മൊച്ചം പിഎഫ്‌ഐ ടാബ് 301 ബില്യന്‍ പൗണ്ടിലേക്ക് എത്തും. യഥാര്‍ത്ഥ ചെലവ് വെറും 54.7 ബില്യന്‍ പൗണ്ട് മാത്രമാണ്.

2003 മുതല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ആശുപത്രികളെ അര്‍ദ്ധ സ്വതന്ത്ര വ്യവസായമായി മാറ്റി. ട്രസ്റ്റുകള്‍ക്ക് ആശുപത്രികളെ കൈവശം വയ്ക്കാനും നടത്താനും കഴിയും. ഇതില്‍ അവരുടെ വരുമാനത്തില്‍ പകുതിയും സ്വകാര്യ രോഗികളില്‍ നിന്നാണ്. ജിപി സര്‍വീസുകളും ഔട്ട്‌സോഴ്‌സ് ചെയ്യപ്പെട്ടു. സര്‍ക്കാരില്‍ നിന്നിറങ്ങുന്ന ആരോഗ്യ സെക്രട്ടറിമാരും മന്ത്രിമാരും സ്വകാര്യ ആരോഗ്യമേഖലകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിച്ചു. ബ്ലയറിന്റെ മുതിര്‍ന്ന ആരോഗ്യ നയ ഉപദേശകനായിരുന്ന സൈമണ്‍ സ്റ്റീവന്‍സ് നേരത്തെ യുഎസ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ യൂണൈറ്റഡ് ഹെല്‍ത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എന്‍എച്ച്എസിന്റെ ചീഫ് എക്‌സിക്യൂട്ടീവായി.
എന്‍എച്ച്എസ് കരാറിനായി സ്വകാര്യ കമ്പനികള്‍ തമ്മില്‍ മത്സരം തുടങ്ങി. വിര്‍ജിന്‍, സര്‍ക്കിള്‍, ബൂപ, സെര്‍കോ, യൂണൈറ്റഡ് ഹെല്‍ത്ത്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ ഈ മത്സരത്തില്‍ പങ്കു ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം 9.63 ബില്യന്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പിട്ടു. ഇതിന്റെ നാല്‍പ്പത് ശതമാനവും സ്വകാര്യമേഖലയ്ക്ക് വേണ്ടി ആയിരുന്നു.

എന്‍എച്ച്എസ് പരിസരത്ത് ഒതുങ്ങിയിരുന്ന പല മാറ്റങ്ങളും താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അത് കൊണ്ട് തന്നെ ഇത് നവീകരിക്കേണ്ടതുമുണ്ടായിരുന്നു. എന്നിട്ടും യൂറോപ്യന്‍ യൂണിയന്റെ ശരാശരി ചെലവിനും വളരെ താഴെയായിരുന്നു രാജ്യത്തെ ആരോഗ്യമേഖലയുടെ ചെലവ്. ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ ചെലവിനു സമാനമായിരുന്നു അത്. ജി7 രാജ്യങ്ങളില്‍ ഇറ്റലി മാത്രമാണ് ബ്രിട്ടന് സമാനമായ ചെലവുളളത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസേവന ഏജന്‍സിയായി എന്‍എച്ച്എസിനെ കോമണ്‍വെല്‍ത്ത് ഫണ്ട് വിലയിരുത്തുന്നു. ലോകത്തില്‍ ഏറ്റവും മികച്ചപ്രകടനം നടത്തുന്നുവെന്നാണ് ഒഇസിഡിയുടെ വിലയിരുത്തല്‍.

ദി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ട് എന്‍എച്ച്എസിന് മേല്‍ സര്‍ക്കാരിനുളള ഉത്തരവാദിത്തങ്ങള്‍ എടുത്ത് കളഞ്ഞു. ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പുകള്‍ പരിമിതികളില്ലാതെ സ്വകാര്യവത്ക്കരണത്തിന് കരാറുകള്‍ തുറന്ന് കൊടുത്തു. സ്വകാര്യ കമ്പനികള്‍ നല്ല കറവപ്പശുവായി എന്‍എച്ച്എസിനെ കണ്ടു. അതോടെ എന്‍എച്ച്എസ് ക്ഷയിക്കാനും തുടങ്ങി. സിസിജികള്‍ സ്വകാര്യവത്ക്കരിക്കാന്‍ തുടങ്ങി. സിസിജികള്‍ ഇപ്പോള്‍ അടിയന്തര സേവനങ്ങളും ആംബുലന്‍സ് സൗകര്യങ്ങളും മാത്രമാണ് നല്‍കുന്നത്. ബാക്കിയുളളവ അവയുടെ വിവേചനാധികാരം പോലെ ചെയ്യുന്നു.

1980കളില്‍ പല മാധ്യമങ്ങളും സുപ്രധാന നയങ്ങള്‍ പുറത്ത് കൊണ്ടുവന്നു. 2005ല്‍ ജെറെമി ഹണ്ട് കൂടി ചേര്‍ന്നെഴുതിയ പുസ്തകത്തില്‍ എന്‍എച്ച്എസിനെ ഇല്ലാതാക്കണമെന്ന കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വകാര്യ പൊതു എന്ന വേര്‍തിരിവ് ഇല്ലാതാക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് ഇതില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ഇപ്പോള്‍ ആരോഗ്യ സെക്രട്ടറിയായ ഹണ്ട് സ്വീകരിക്കുന്ന നിലപാടുകള്‍ എന്‍എച്ചഎസിന് ഏതു വിധത്തിലാണ് വിപരീതമായി ബാധിക്കുന്നത് എന്നു ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം കൂടുതല്‍ വ്യക്തമാകും. ആരോഗ്യമേഖലയെ ഡി നാഷണലൈസ് ചെയ്യണമെന്നാണ് ഡേവിഡ് കാമറൂണിന്റെ ആരോഗ്യ ഉപദേശകന്‍ നിക്ക് സെഡാന്‍ പറഞ്ഞത്. സിസിജികള്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ലയിപ്പിക്കണമെന്ന നിര്‍ദേശവും ഉണ്ട്.

ആരോഗ്യ ബജറ്റ് സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്‍എച്ച്എസിനുളള വിഹിതം പതിനഞ്ച് മുതല്‍ ഇരുപത് ബില്യന്‍ പൗണ്ട് വരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതിനിയും ഉയരാം. ഇനി നമ്മുടെ ആരോഗ്യ മേഖല ഒരു ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പുകളാക്കി ഇന്‍ഷ്വറന്‍സ് പൂളുകളാക്കാം. സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങളെ ഓരോരുത്തരില്‍ നിന്നും അടര്‍ത്തി മാറ്റിക്കൊണ്ടിരിക്കുന്നു. എന്‍എച്ച്എസിനെ തല്ലിയുടച്ച് വിറ്റ് കൂടേ എന്നൊരു ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. എന്‍എച്ച്എസിനെ രക്ഷിക്കണമെങ്കില്‍ ഇനി ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles