ബില്ലുകളില്‍ നൂറിലേറെ പൗണ്ട് ലാഭിക്കാം; നിങ്ങളുടെ വീടുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇതാ എട്ട് മാര്‍ഗ്ഗങ്ങള്‍.

ബില്ലുകളില്‍ നൂറിലേറെ പൗണ്ട് ലാഭിക്കാം; നിങ്ങളുടെ വീടുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇതാ എട്ട് മാര്‍ഗ്ഗങ്ങള്‍.
March 08 06:00 2018 Print This Article

എനര്‍ജി ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ എനര്‍ജി കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.  ജനങ്ങളെ കൊള്ളയടിക്കാന്‍ എനര്‍ജി കമ്പനികള്‍ നിയമത്തെ പോലും ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വീടുകളിലെ ഊര്‍ജോപഭോഗം കുറച്ചുകൊണ്ട് പരമാവധി ചെലവ് കുറയ്ക്കുക എന്നത് മാത്രമാണ് സാധാരണക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗം. പരിസ്ഥിതിയോടിണങ്ങുന്ന രീതികള്‍ അനുവര്‍ത്തിക്കുക എന്നതാണ് ഇതില്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമെങ്കിലും അത് അല്പം ബുദ്ധിമുട്ടുള്ളതാണെന്നതും അംഗീകരിക്കാതെ തരമില്ല. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല വസ്തുക്കളും ഊര്‍ജ്ജോപയോഗത്തിലെ ഹരിത മാര്‍ഗം തേടുന്നതിന് സഹായകമാകുന്ന വിധത്തിലുള്ളവയാണ്.

പരിസ്ഥിതിക്കും നമ്മുടെ പോക്കറ്റിനും ഇണങ്ങുന്ന വിധത്തിലുള്ളവയാണ് പല സ്മാര്‍ട്ട് ഉപകരണങ്ങളും. സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ് മുതല്‍ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നത് വരെയുള്ള പല മാര്‍ഗങ്ങളുമുണ്ട്. അവയില്‍ എട്ട് മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

1. ഗ്രീന്‍ പവറിലേക്ക് മാറുക

ഇക്കോ ഫ്രണ്ട്‌ലി എനര്‍ജി പ്രൊവൈഡര്‍മാരുടെ സേവനം തേടാവുന്നതാണ്. പ്യുവര്‍ പ്ലാനെറ്റ് പോലെയുള്ള കമ്പനികള്‍ ചെലവു കുറഞ്ഞതും ഹരിത സ്രോതസുകളില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. 100 ശതമാനം കാര്‍ബണ്‍ വിമുക്ത എനര്‍ജിയാണ് ഇവരുടെ വാഗ്ദാനം. 400 പൗണ്ട് വരെ എനര്‍ജി ബില്ലുകളില്‍ ലാഭിക്കാന്‍ ഇത്തരം കമ്പനികളുടെ സേവനം തേടുന്നതിലൂടെ കഴിയും.

2. ബള്‍ബുകള്‍ മാറ്റുക

സാധാരണ ഫിലമെന്റ് ബള്‍ബുകളാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. വില കുറവായതിനാല്‍ ആളുകള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ആത്യന്തികമായി നഷ്ടം വരുത്തുന്നവയാണ് ഇവ. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശം ലഭിക്കുമെന്ന് മാത്രമല്ല ഇവയുടെ ആയുസ് കൂടുതലുമാണ്.

3. പ്ലഗ്ഗുകള്‍ ഓഫ് ചെയ്ത് വെയ്ക്കുക

ഉപകരങ്ങള്‍ പ്ലഗ് ചെയ്ത് ഓണ്‍ ചെയ്ത് സ്റ്റാന്‍ഡ്‌ബൈയില്‍ ഇടുന്നത് ഏറെ വൈദ്യുതി പാഴാക്കുന്ന രീതിയാണ്. ടിവികളും ഗെയിം കണ്‍സോളുകളും ഈ വിധത്തില്‍ ഒരു വര്‍ഷം 45 മുതല്‍ 80 പൗണ്ട് വരെ പാഴാക്കാറുണ്ട്. സ്മാര്‍ട്ട് പ്ലഗുകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പാഴ്‌ചെലവ് ഒരു പരിധി വരെ ഒഴിവാക്കാനാകും. അയണുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ മറക്കുന്നതു പോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും.

4. പരിസ്ഥിതി സൗഹൃദ ബെഡ്ഡിംഗുകള്‍ ഉപയോഗിക്കുക

ഗൂസ് തൂവലുകളാണ് ലക്ഷ്വറി ബെഡിംഗുകളില്‍ സാധാരണ ഉപയോഗിക്കാറുള്ളത്. ഇത്തരം ബെഡിംഗുകള്‍ ചൂടുള്ളവയായതിനാല്‍ ഹീറ്റിംഗിലൂടെയുള്ള ഊര്‍ജ്ജ നഷ്ടം കുറയ്ക്കാനാകും. ലക്ഷ്വറി ബെഡുകളുടെ വില താങ്ങാനാകാത്തവര്‍ക്ക് പെറ്റ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്ത് തയ്യാറാക്കുന്ന മൃദുവായ പദാര്‍ത്ഥം ഉപയോഗിക്കുന്ന ബെഡുകളും ലഭ്യമാണ്.

5. വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പരമാവധി ശേഷിയില്‍ ഉപയോഗിക്കുക

വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പരമാവധി നിറച്ച് ഉപയോഗിക്കുന്നത് ഇവയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കുറയ്ക്കും. അതു മാത്രമല്ല വസ്ത്രങ്ങള്‍ പുറത്ത് ഉണക്കുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ലോഡ് തുണികള്‍ ഉണക്കുമ്പോള്‍ ശരാശരി വാഷിംഗ് മെഷീനുകള്‍ 7.27 പൗണ്ട് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തു വിടുന്നുണ്ട്.

6. ഹീറ്റിംഗ് സ്മാര്‍ട്ട് ആക്കുക

റൂം ഹീറ്റിംഗിനായി സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലൂടെ നിയന്ത്രിക്കാവുന്നവയായതിനാല്‍ ഹീറ്റിംഗ് ബില്ലില്‍ 130 പൗണ്ട് വരെ ലാഭമുണ്ടാക്കും.

7. കംപോസ്റ്റര്‍ സ്ഥാപിക്കുക

റീസൈക്ലിംഗില്‍ ബ്രിട്ടീഷുകാര്‍ ഒരു പരിധി വരെ സാക്ഷരരാണെങ്കിലും ജൈവ മാലിന്യത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം അവരെ വിട്ടുമാറിയിട്ടില്ല. ഒരു കംപോസ്റ്റര്‍ സ്ഥാപിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാകും. ലാന്‍ഡ്ഫില്ലിനായി കൊണ്ടുപോകുന്ന മാലിന്യത്തില്‍ 50 ശതമാനം കുറവ് വരുത്താനും ഇത് സഹായിക്കും.

8. ഗ്രീന്‍ അല്ലെങ്കില്‍ ഹരിതമാകുക

ഗ്രീന്‍ അല്ലെങ്കില്‍ ഹരിതമാകുക എന്ന് പറഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലെത്തണമെങ്കില്‍ ഒരു ചെടിയെങ്കിലുംനട്ടേ തീരൂ. എങ്കില്‍ അത് എന്തുകൊണ്ട് വീടിനുള്ളിലായിക്കൂടാ? കാര്‍ബണ്‍ ഡയോക്‌സൈഡിനെയും ദോഷകരമായ വാതകങ്ങളെയും വലിച്ചെടുക്കുന്ന ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് ഒരു നല്ല ശീലമാണ്. ഇതിനായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ഏറെ ലഭ്യമാണ്. പച്ചക്കറികള്‍ വളര്‍ത്തിയാല്‍ അവയിലൂടെ അടുക്കള ബില്ലിലും ലാഭമുണ്ടാക്കാം.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles