‘ഹൈ സ്പീഡ്-2’ പദ്ധതി പ്രതീക്ഷിച്ചതിനേക്കാള്‍ ദോഷകരം? തകര്‍ക്കപ്പെടുക 2000ത്തോളം കെട്ടിടങ്ങള്‍! വനഭൂമിയും നശിപ്പിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

‘ഹൈ സ്പീഡ്-2’ പദ്ധതി പ്രതീക്ഷിച്ചതിനേക്കാള്‍ ദോഷകരം? തകര്‍ക്കപ്പെടുക 2000ത്തോളം കെട്ടിടങ്ങള്‍! വനഭൂമിയും നശിപ്പിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്
October 14 06:44 2018 Print This Article

ഹൈ സ്പീഡ്-2 പദ്ധതിക്കായി തകര്‍ക്കേണ്ടി വരുന്നത് രണ്ടായിരത്തിലേറെ കെട്ടിടങ്ങളെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ 900 വീടുകളും ആയിരത്തിലേറെ ബിസിനസുകളും ഉണ്ടെന്നാണ് വിവരം. ഇതു കൂടാതെ നൂറ്റാണ്ടുകള്‍ പ്രായമുള്ള മരങ്ങളും വുഡ്‌ലാന്‍ഡുകളും നശിപ്പിക്കപ്പെടും. ഇത്തരത്തിലുള്ള 60 പ്രദേശങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് എച്ച്എസ് 2 റെയില്‍വേ നടപ്പാക്കുന്ന കമ്പനി അറിയിക്കുന്നു. പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുള്ള ക്യാംപെയിനര്‍മാര്‍ പറയുന്നതിലും വലിയ നാശമായിരിക്കും ഇതു മൂലം ഉണ്ടാകുകയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചെലവു കുറയ്ക്കാനുള്ള ശ്രമത്തില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന റൂട്ട് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക.

ലണ്ടന്‍, ബര്‍മിംഗ്ഹാം, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ നഗരങ്ങള്‍ക്കിടയില്‍ അതിവേഗ റെയില്‍ ഗതാഗതം ലക്ഷ്യമിടുന്ന പാതയാണ് എച്ച്എസ്-2. എന്നാല്‍ ഇതിനുണ്ടാകുന്ന അമിത സാമ്പത്തികച്ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പദ്ധിക്കെതിരെ വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 1740 കെട്ടിടങ്ങളാണ് തകര്‍ക്കേണ്ടി വരുന്നത്. ഇവയില്‍ 888 എണ്ണം വീടുകളാണ്. 985 ബിസിനസുകളും 27 കമ്യൂണിറ്റി ഫെസിലിറ്റികളും തകര്‍ക്കേണ്ടി വരും. 2033ല്‍ പൂര്‍ത്തിയാകുമെന്നു കരുതുന്ന പദ്ധതി 61 വുഡ്‌ലാന്‍ഡ് ഏരിയകളിലൂടെ കടന്നു പോകുന്നു. അപൂര്‍വയിനം പക്ഷികളുടെയും വവ്വാലുകളുടെയും ആവാസ വ്യവസ്ഥയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കാടുകള്‍.

റെയില്‍വേക്കായി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ 19,500 പേരുടെ ജോലിസ്ഥലമാണ് ഇല്ലാതാകുന്നത്. ഇവയില്‍ പല സംരംഭങ്ങളും മറ്റിടങ്ങളിലേക്ക് മാറ്റാമെങ്കിലും 2380 തൊഴിലവസരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നാല്‍ റെയില്‍വേ വ രുമ്പോള്‍ 2340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം. നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നീ പ്രദേശങ്ങള്‍ 10.5 മില്യന്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. ഇതനുസരിച്ച് റെയില്‍വേ വരുന്നതിലൂടെ നഷ്ടമാകുന്നത് ആപേക്ഷികമായി വളരെ ചെറിയൊരു ശതമാനം ജോലികള്‍ മാത്രമാണെന്ന ന്യായീകരണവും കമ്പനി നിരത്തുന്നുണ്ട്.

ജനങ്ങളിലുണ്ടാകാനിടയുള്ള മാനസികാഘാതവും വിലയിരുത്തിയിട്ടുണ്ട്. അമിതാകാംക്ഷ, സ്‌ട്രെസ് തുടങ്ങിയവ ജനങ്ങളില്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 28 മില്യന്‍ ടണ്ണോളം ലാന്‍ഡ്ഫില്‍ നടത്തുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം വേറെയുണ്ടാകുമെന്ന കണക്കുകൂട്ടലുമുണ്ട്. ഇത് ലാന്‍ഡ്ഫില്ലുകളിലേക്ക് അയക്കുന്ന മൊത്തം മാലിന്യങ്ങളുടെ നാലിരട്ടി വരും. കൂടാതെ 9 നദികള്‍ വഴി തിരിക്കേണ്ടതായും വരുന്നു.16.7 ഹെക്ടര്‍ വനഭൂമി പദ്ധതിക്കായി നശിപ്പിക്കപ്പെടുന്നത് മൂലം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം പ്രവചിക്കാനാകാത്തതാണെന്ന് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  Article "tagged" as:
HS2
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles