യുകെയിലെ അതിവേഗ റെയിൽവേ പദ്ധതിയായ ഹൈ സ്പീഡ് 2 (എച്ച് എസ് 2)നെ പറ്റിയുള്ള ആലോചനകൾ പുതിയ സർക്കാർ തുടങ്ങിക്കഴിഞ്ഞു. 2003ലാണ് എച്ച്എസ് 1ആരംഭിക്കുന്നത്. 2009ൽ രണ്ടാമത്തെ അതിവേഗ റെയിൽ ലൈൻ ലേബർ പാർട്ടി മുന്നോട്ട് കൊണ്ടുവന്നെകിലും നടത്തിയെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ പദ്ധതി സഫലമാക്കാനുള്ള ശ്രമം പുതിയ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. എച്ച്എസ് 2ന്റെ ചെലവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവലോകനം ഉടൻ നടക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ലണ്ടൻ, മിഡ്ലാൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി എങ്ങനെയാവണമെന്നും ചിന്തിക്കും. ഈ ഒരു പദ്ധതിയ്ക്കായി ഇതിനോടകം 56 ബില്യൺ പൗണ്ട് ചെലവായി. ലണ്ടനെയും ബിർമിംഗ്ഹാമിനെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടം 2026ഓടെയും ലീഡ്‌സിനെയും മാഞ്ചെസ്റ്ററിനെയും ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടം 2033ഓടെയും പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. 250 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളെ വഹിക്കുന്നതിനായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സിവിൽ എഞ്ചിനീയറും എച്ച്എസ് 2ന്റെ മുൻ ചെയർമാനും ആയ ഡഗ്ലസ് ഓക്കർവി അവലോകനത്തിന് അധ്യക്ഷത വഹിക്കും.ലോർഡ് ബെർക്‌ളി ഡെപ്യൂട്ടി ആയി പ്രവർത്തിക്കും. അന്തിമ റിപ്പോർട്ട്‌ ശരത്കാലത്തിൽ സർക്കാരിന് നൽകുന്നതാണ്.

 

പുതിയ റെയിൽ ലിങ്കിനുള്ള പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് കൺസേർവേറ്റിവ് പാർട്ടി നേതൃത്വ പ്രചാരണ വേളയിൽ ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ ഇറ്റിനെപ്പറ്റിയുള്ള ഉൽകണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. പദ്ധതിയുടെ മൊത്തം ചെലവ് 30 ബില്യൺ പൗണ്ട് വർധിക്കുമെന്ന് ചെയർമാൻ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചെലവ് എസ്റ്റിമേറ്റ്, കാര്യക്ഷമത ലാഭിക്കാനുള്ള അവസരങ്ങൾ പാരിസ്ഥിതിക ആഘാതം എന്നിവയൊക്കെ അവലോകനത്തിൽ പരിശോധിക്കും. എച്ച്എസ് 2വിനായി നിർമിച്ച സാമ്പത്തിക, ബിസിനസ് കേസ് കൃത്യമാണോ എന്നും പരിശോധിക്കും. ഈ ജൂണിൽ ഇരുപതോളം ബിസിനസ് നേതാക്കൾ, ഈ പ്രൊജക്റ്റ്‌ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് മിഡ്‌ലാൻഡിനെ സംബന്ധിച്ചിടത്തോളം എച്ച്എസ് 2 നിർണായകമാണെന്നും അത് അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മേയർ ആൻഡി സ്ട്രീറ്റ് അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയിൽ ഈ പുതിയ റെയിൽ ലിങ്ക് 15 ബില്യൺ പൗണ്ടിന്റെ വർധനവ് ഉണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.എന്നാൽ ഈ പദ്ധതിയെ എതിർത്തു നിൽക്കുന്നവരും അനേകരാണ്. ലണ്ടൻ മുതൽ ബർമിംഗ്ഹാം വരെയുള്ള നിർമാണ ഘട്ടത്തിന് ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നതിന്റെ ഇരട്ടി ചെലവാകുമെന്ന് ഇൻഫ്രാസ്ട്രക്ച്ചർ കൺസൾട്ടന്റ് മൈക്കിൾ ബൈഗ് പറഞ്ഞു. സ്റ്റോപ്പ്‌ എച്ച്എസ് 2 പ്രചരണത്തിലുള്ള ജോ റുകിൻ പറഞ്ഞു “അവർ ഇപ്പോൾ ജോലി അവസാനിപ്പിക്കണം. കാരണം ഇത് പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും.” എച്ച്എസ് 2ന്റെ പ്രധാന നേട്ടമായ വേഗതയേയും വിമർശിക്കുന്നവർ രംഗത്തുണ്ട്.