സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഡിസംബർ 31 നു ശേഷം ബ്രിട്ടണിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ ഹുവെയ്‌യുടെ 5 ജി കിറ്റുകൾ വാങ്ങരുതെന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. 2027 ഓടു കൂടി ചൈനീസ് കമ്പനികളുടെയെല്ലാം കിറ്റുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡോഡെൻ ആണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ ഇത്തരത്തിൽ ഹുവെയ്‌യുടെ 5 ജി സേവനങ്ങൾ നിരോധിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സ്പീഡിനെയും മറ്റും സാരമായി ബാധിക്കും.

ഇത്തരമൊരു തീരുമാനം ബ്രിട്ടനെ പുറകോട്ടടിക്കുമെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും അവർ രേഖപ്പെടുത്തി. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും ബ്രിട്ടന്റെ ഈ തീരുമാനത്തെ അപലപിച്ചു. ബ്രിട്ടനിലെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഇത്തരം തീരുമാനങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.

തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. 1600 ഓളം പേർക്ക് ഹുവെയ് ബ്രിട്ടനിൽ ജോലി നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.