ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

പാരീസ് : ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ. ഫ്രഞ്ച് അധികൃതരുടെ കണക്കുകൾ പ്രകാരം 2019ൽ ഏകദേശം 2360 ആളുകളെയാണ് ചാനൽ വഴി യുകെയിലേക്കുള്ള കുടിയേറ്റത്തിന് പിടികൂടിയത്. 2018ൽ ഇത് 586 മാത്രമായിരുന്നു. ചെറിയ ബോട്ടുകൾ ഉപയോഗിച്ച് 2019ൽ 261 കുടിയേറ്റ ശ്രമങ്ങൾ നടന്നു. അതിൽ നാല് മരണങ്ങളും ഉണ്ടായി. ഈ ചൊവ്വാഴ്ച, എട്ട് കുട്ടികളടക്കം 40 ലധികം കുടിയേറ്റക്കാരെ അതിർത്തി സേന ചാനലിൽ തടഞ്ഞിരുന്നു. ക്രിസ്തുമസിന് ശേഷമുള്ള ദിവസങ്ങളിൽ ഒരു ഡസൻ ആളുകളെയാണ് കുടിയേറ്റ ശ്രമത്തിന് പിടികൂടിയത്. അതുപോലെ ഇന്നലെ പുതുവർഷദിനത്തിലും ബോട്ട് മാർഗം ചാനൽ കടക്കാൻ ശ്രമിച്ച 6 പുരുഷന്മാരെ അതിർത്തി സേന തടയുകയുണ്ടായി.

ചാനലിലെ തകരാറുകളെ പറ്റി തുടർച്ചയായി നിർദേശങ്ങളും മുന്നറിയിപ്പും നൽകിയിട്ടും കുടിയേറ്റം വർദ്ധിക്കുകയാണ് ഉണ്ടായത്. കരയിലും കടലിലും ഫ്രഞ്ച് സൈന്യത്തെ ശക്തമായി അണിനിരത്തിയതിനാൽ കഴിഞ്ഞ വർഷം 55% അനധികൃത കുടിയേറ്റ ശ്രമങ്ങൾ പരാജയപ്പെട്ടു എന്ന് പാസ്-ഡി-കാലൈസ് മേഖലയിലെ ഗവർണർ ഫാബിയൻ സുഡ്രി പറഞ്ഞു. 95% കുടിയേറ്റ ബോട്ടുകളും പുറപ്പെടുന്നത് തുറമുഖ നഗരമായ കാലായിസിൽ നിന്നുമാണെന്ന് പോലീസ് അറിയിച്ചു.

ഈ അനധികൃത കുടിയേറ്റം തടയാൻ യുകെയും ഫ്രാൻസും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രഞ്ച് തീരങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയതായും കുടിയേറ്റങ്ങൾ തടയാൻ ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ, കണ്ടെത്തൽ ഉപകരണങ്ങൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഓഫീസ് അറിയിച്ചു. ഈയൊരു കുടിയേറ്റം തടയാൻ ഫ്രാൻസ് കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് കൺസേർവേറ്റിവ് എംപി നതാലി എൽഫിക്കെ അഭിപ്രായപ്പെട്ടു.