ലണ്ടന്‍: വിഷാദരോഗം, അമിതാകാംക്ഷ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ചികിത്സ നല്‍കുന്ന എന്‍എച്ച്എസ് രീതിക്കെതിരെ വിമര്‍ശനം ഉയരുന്നു. ഇംപ്രൂവിംഗ് ആക്സസ് ടു സൈക്കോളജിക്കല്‍ തെറാപ്പീസ് എന്ന പദ്ധതിയില്‍ വെബ്ക്യാമിലൂടെയും ഇന്‍സ്റ്റന്റ് മെസേജിലൂടെയും സഹായം തേടുന്നവരുടെ എണ്ണത്തില്‍ 9മടങ്ങ് വര്‍ദ്ധനയാണ് 2012-13 വര്‍ഷത്തിനും 2015-16 വര്‍ഷത്തിനുമിടയില്‍ ഉണ്ടായതെന്നാണ് കണക്ക്.
5738ല്‍ നിന്ന് 19475 എണ്ണമായാണ് ഇത്തരത്തിലുള്ള ചികിത്സ ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചത്. 144 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. സാധാരണ മട്ടിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയും ചികിത്സയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ എന്‍എച്ച്എസ് കമ്മീഷണര്‍മാര്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. കൂടുതല്‍ രോഗനിര്‍ണ്ണയവും നടക്കുന്നതും ഫോണിലൂടെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനായി കൂടുതല്‍ പണമനുവദിക്കുമെന്ന് ജനുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ മാനസിക രോഗ ചികിത്സയില്‍ ഫലപ്രദമാവില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരം അസുഖമുള്ളവര്‍ മിക്കവാറും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനായിരിക്കും ആഗ്രഹിക്കുന്നത്. കീബോര്‍ഡ്, വെബ്ക്യാം എന്നിവ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ഈ രോഗികളെ അകറ്റുന്നതിന് തുല്യമായിരിക്കുമെന്നാണ് ലിവര്‍രപൂളിലെ സൈക്കോളജിക്കല്‍ തെറാപ്പീസ് യൂണിറ്റ് ഡയറക്ടര്‍ സ്റ്റീവ് ഫല്‍റ്റ് പറയുന്നത്.