ഇന്ത്യന്‍ സാരിയില്‍ സുന്ദരിയായി സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം ലഭിച്ച അത്യാധുനിക റോബോട്ട് ഇന്ത്യയിലെത്തുന്നത്.

സാങ്കേതിക വിദഗ്ദരും വിദ്യാര്‍ത്ഥികളും അടക്കമുള്ള തിരഞ്ഞെടുത്ത സദസ്സിന് മുന്നില്‍ 20 മിനിറ്റ് നേരം സോഫിയ സംസാരിച്ചു. ഇന്ത്യന്‍ രീതിയില്‍ സാരി ഉടുത്തുകൊണ്ടാണ് സോഫിയ സദസ്സിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് നിര്‍ദ്ദേശിച്ചു.

Image result for /humanoid-sophia-robot-in-india

സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റുമായി ശേഖരിച്ച ചോദ്യങ്ങള്‍ക്ക് സോഫിയ മറുപടി പറഞ്ഞു. മനുഷ്യരും റോബോട്ടുകളും തമ്മില്‍ മത്സരമല്ല ഉണ്ടാവേണ്ടതെന്നും സഹകരണമാണ് വേണ്ടതെന്നും സോഫിയ പറഞ്ഞു. അതേസമയം സോഫിയ റോബോട്ടിന് വേണ്ടിയുള്ള നിക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന് സോഫിയ മറുപടിപറയാതെ നിശബ്ദയായി. ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയിലുണ്ടായ പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. അല്‍പനേരത്തെ ഇടവേളയ്ക്ക് ശേഷം സോഫിയ വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

Image result for /humanoid-sophia-robot-in-india

ഞാനൊരു ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാന്‍ അത് താഴമയോടെ നിരസിക്കുന്നു’ എന്നായിരുന്നു സോഫിയയുടെ മറുപടി. മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അതിനനുസരിച്ചുളള മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സോഫിയയ്ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്.