മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ പതറാതെ ഒരു അച്ഛൻ. രണ്ടു മാസത്തോട്ട് അമ്മയില്ലാതെ മകളെ വളർത്തി അവളുടെ നല്ല ഭാവിക്കായി അധ്വാനിക്കുന്ന ഈ അച്ഛന്റെ കഥ പ്രചോദനമാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഹൃദ്യമായ ഈ കുറിപ്പ്.

‘അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവൾക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരാളുടെ ഒപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും അവൾ കൊണ്ടുപോയി. ഞാൻ ഒറ്റപ്പെട്ടു. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോർത്താണ്.

അന്ന് ഞാൻ ഉറപ്പിച്ചു ഒരിക്കലും അവൾക്ക് അമ്മയുടെ ഒരു കുറവും വരുത്തരുത് എന്ന്. അന്ന് അവൾ ചെറിയ കുഞ്ഞായിരുന്നു. എനിക്ക് അവളെ നന്നായി എടുക്കാൻ പോലും അറിയില്ല. പക്ഷേ എന്നെ എന്റെ അമ്മ സഹായിച്ചു. ഒഴിവു സമയങ്ങളിലൊക്കെ ഞാൻ അവളോടൊപ്പം ചിലവഴിച്ചു. അവൾ കുറച്ചൊന്നു വളർന്നപ്പോൾ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടി. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാൻ അവളുടെ അമ്മ വന്നിട്ടില്ല.

പക്ഷേ എനിക്ക്, ഞങ്ങൾക്ക് പരിഭവമില്ല.ഞാനും മകളും പരസ്പരം സ്നേഹിച്ചും കരുതലോടെയും കഴിയുന്നു. എപ്പോഴെങ്കിലും ഞാൻ വിഷമിച്ചിരിക്കുകയാണെങ്കിൽ അവൾ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ‌ മറക്കും. ഞാൻ ഒന്നിനുവേണ്ടിയും ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നെക്കൊണ്ടാകുന്നതുപോലെ അവൾക്ക് ഞാൻ എല്ല സൗഭാഗ്യങ്ങളും നൽകും. അത് അവൾ അർഹിക്കുന്നുണ്ട്’. അച്ഛൻ പറയുന്നു.