ലണ്ടന്‍: സൗത്ത് ലണ്ടനിലുള്ള റസിഡന്‍ഷ്യല്‍ ടവറുകളിലെ നൂറ്കണക്കിന് താമസക്കാര്‍ ഒഴിപ്പിക്കല്‍ ഭീഷണിയില്‍. കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാല്‍ ഏതു നിമിഷവും ഇവര്‍ ഒഴിപ്പിക്കപ്പെട്ടേക്കാമെന്നാണ് കരുതുന്നത്. ടവര്‍ ബ്ലോക്കുകളിലെ ഗ്യാസ് വിതരണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇത്. അമ്പേഷണത്തെത്തുടര്‍ന്ന് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാല്‍ സൗത്ത്‌വാര്‍ക്കിലുള്ള ലെഡ്ബറി ടവേഴ്‌സിലെ 242 ഫ്‌ളാറ്റുകളിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തി വെച്ചു. ഒരു പൊട്ടിത്തെറിയുണ്ടായാല്‍ കെട്ടിടം തന്നെ തകരാനിടയുണ്ടെന്നാണ് കണ്ടെത്തിയത്.

ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം കെട്ടിടത്തിലെ ചില വിള്ളലുകളേക്കുറിച്ച് താമസക്കാര്‍ ആശങ്ക അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എന്‍ജിനീയര്‍മാരെ പഠനത്തിനായി നിയോഗിച്ചുവെന്ന് കൗണ്‍സില്‍ അറിയിച്ചു. ഈ അന്വേഷണത്തിലാണ് ഗ്യാസ് സപ്ലൈയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്. 1960കളില്‍ സ്ഥാപിച്ചതാണ് ഗ്യാസ് വിതരണ സംവിധാനം. ഇതിന്റെ സുരക്ഷയേക്കുറിച്ച് ആശങ്കകളുള്ളതിനാല്‍ ടവറുകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ കെട്ടിടത്തിന്റെ നാല് ടവറുകളും സുരക്ഷിതമല്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ന്യൂഹാമില്‍ ഇതേ രൂപകല്‍പനയില്‍ നിര്‍മിച്ച ഒരു കെട്ടിടം 1968ല്‍ ഗ്യാസ് സ്‌ഫോടനത്തില്‍ തകര്‍ന്ന വിവരവും ഒഴിപ്പിക്കലിനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള കത്തില്‍ താമസക്കാരെ കൗണ്‍സില്‍ ഓര്‍മിപ്പിച്ചു. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി രണ്ട് മാസത്തിനു ശേഷമായിരുന്നു ഈ അപകടം ഉണ്ടായത്. മൂന്ന് പേര്‍ ഈ അപകടത്തില്‍ മരിച്ചിരുന്നു.