കനത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കില്ല; യാത്രകള്‍ തടസപ്പെടാന്‍ സാധ്യത

കനത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കില്ല; യാത്രകള്‍ തടസപ്പെടാന്‍ സാധ്യത
December 11 07:52 2017 Print This Article

ലണ്ടന്‍: കടുത്ത വിന്ററില്‍ താപനില കാര്യമായി താഴുകയും കഴിഞ്ഞ രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിച്ചേക്കില്ല. നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരം നാല് മണി മുതല്‍ വിവിധ പ്രദേശങ്ങളില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം 11 ഇഞ്ച് മഞ്ഞുവീഴ്ചയാണ് വെയില്‍സില്‍ രേഖപ്പെടുത്തിയത്. രാത്രിയിലെ താപനില മൈനസ് 15 വരെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയില്‍ കാലാവസ്ഥ മോശമാകാമെന്നതിനാല്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കുകയാണെന്ന് ബര്‍മിംഗ്ഹാം കൗണ്‍സില്‍ അറിയിച്ചു. കാലാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നാല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയില്ലെന്നും സ്‌കൂളുകളില്‍ കുട്ടികള്‍ എത്തിയാലും അവരെ നോക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പ് നല്‍കാനും കഴിയില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ലോക്കല്‍ കൗണ്‍സിലുകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ ആദ്യത്തെ കൗണ്‍സിലാണ് ബര്‍മിംഗ്ഹാം.

തിങ്കളാഴ്ച രാവിലെയും മഞ്ഞുവീഴ്ച തുടരാമെന്നതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായേക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. 11,000 ബ്രേക്ക്ഡൗണുകളാണ് ആര്‍എസി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വിന്ററിനേക്കാള്‍ തിരക്കേറിയതായിരിക്കും ഈ വര്‍ഷത്തെ ദിനങ്ങള്‍ എന്നാണ് ആര്‍എസി വിലയിരുത്തുന്നത്. ഇന്നലെ പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ടിനു പുറമേ ഈസ്റ്റേണ്‍ ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നിവിടങ്ങളില്‍ 129 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന യെല്ലോ വാര്‍ണിഗും നല്‍കിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles