ന്യൂസ് ഡെസ്ക്

ഹരിക്കെയിൻ ഒഫീലിയ യുകെയിലും അയർലണ്ടിലും സംഹാരതാണ്ഡവം തുടരുന്നു. ഇതു വരെ മൂന്നു പേർ മരിച്ചു. 80 മൈൽ സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.  യുകെയിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാർ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും  മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഫ്ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഹൈവേകളിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതിനാൽ യുകെയുടെ പല ഭാഗങ്ങളിലും ആകാശം ചുവപ്പ് നിറമായി മാറി. അയർലണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നല്കി. നാളെയും സ്കൂളുകൾക്ക് അയർലണ്ട് എഡ്യൂക്കേഷൻ മിനിസ്റ്റർ അവധി നല്കിയിരിക്കുകയാണ്.