ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും പ്രവാസി നഴ്സിന് അഭയം നൽകാതെ ഭർത്താവും വീട്ടുകാരും ക്രൂരതയുടെ പര്യായമായി . തൻറെ നേഴ്സിങ് ജോലിക്ക് ഇടയ്ക്ക് ഒത്തിരി പേരുടെ വേദനകളിൽ ആശ്വാസം നൽകിയ ആ മാലാഖ രണ്ടു കുഞ്ഞുങ്ങളുമായി അഭയം തേടി അലഞ്ഞത് എട്ട് മണിക്കൂറോളം ആണ് . കോട്ടയം കലക്ടറേറ്റിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ നഴ്സായ ആ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു. പോകാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് അവർ മൂവരും അഭയം തേടി വിവിധ വകുപ്പ് അധികൃതരുടെ മുന്നിലെത്തിയത്.

ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ വന്നതോടെയാണ് കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റിൽ എത്തിയത്.എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞത്. താൽക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല.

ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻ‍പാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.

വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെയാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാ‍ൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ ‍കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.