വീടിന്റെ ഗാരേജ് അനധികൃതമായി പരിഷ്‌കരിച്ചു; പുതുക്കിപ്പണിത ഭാഗം വ്യാജ ഡോറും ഫെന്‍സും ഉപയോഗിച്ച് മറച്ചു; ഡോക്ടര്‍ ദമ്പതികള്‍ക്ക് പിഴയിട്ട് കൗണ്‍സില്‍ അധികൃതര്‍

വീടിന്റെ ഗാരേജ് അനധികൃതമായി പരിഷ്‌കരിച്ചു; പുതുക്കിപ്പണിത ഭാഗം വ്യാജ ഡോറും ഫെന്‍സും ഉപയോഗിച്ച് മറച്ചു; ഡോക്ടര്‍ ദമ്പതികള്‍ക്ക് പിഴയിട്ട് കൗണ്‍സില്‍ അധികൃതര്‍
February 13 08:37 2018 Print This Article

ലണ്ടന്‍: പ്ലാനിംഗ് നിയമങ്ങള്‍ ലംഘിച്ച് വീടിന്റെ ഗാരേജ് എക്‌സ്റ്റെന്‍ഷനാക്കി പരിഷ്‌കരിച്ച ദമ്പതികള്‍ക്ക് പിഴയിട്ട് കൗണ്‍സില്‍. ലെസ്റ്റര്‍ഷയറിലെ ഡോക്ടര്‍ ദമ്പതിമാരായ ഡോ.റീത്ത ഹെര്‍സല്ല, ഹമാദി അല്‍മസ്രി എന്നിവര്‍ക്കാണ് ബ്ലാബി ഡിസ്ട്രിക്ട് കൗണ്‍സില്‍ പിഴയിട്ടത്. പിഴയായി 770 പൗണ്ടും കോടതിച്ചെലവിന് 1252 പൗണ്ടും വിക്ടിം സര്‍ച്ചാര്‍ജ് ആയി 77 പൗണ്ടുമാണ് ഇവര്‍ അടക്കേണ്ടി വരിക. ഗാരേജ് പൂര്‍വ്വാവസ്ഥിലാക്കാനും നിര്‍ദേശമുണ്ട്. 2015 ഒക്ടോബറിലാണ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. എന്‍ഡെര്‍ബി, ലെസ്റ്റര്‍യര്‍ എന്നിവിടങ്ങളിലെ രജിസ്ട്രാര്‍മാരും കൗണ്‍സില്‍ അധികൃതരും വീട് സന്ദര്‍ശിച്ചാണ് തെളിവെടുത്തത്.

ഗാരേജ് അനുമതിയില്ലാതെ പുതുക്കിപ്പണിത ദമ്പതികള്‍ അത് മറക്കാനായി ഒരു ഗാരേജ് ഡോര്‍ സ്ഥാപിക്കുകയും പാര്‍ക്കിംഗിന് സ്ഥലമൊഴിച്ചിട്ടുകൊണ്ട് ഫെന്‍സുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ട്രീറ്റ് പാര്‍ക്കിംഗിനെ തടസപ്പടുത്തിക്കൊണ്ടായിരുന്നു ഇവര്‍ ഫെന്‍സ് സ്ഥാപിച്ചതെന്നും അനധികൃതമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പ്ലാനിംഗ് അതോറിറ്റി വക്താവ് പറഞ്ഞു. ലെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ദമ്പതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ബി4114 ഡ്യുവല്‍ കാര്യേജ് വേയില്‍ നിന്ന് വീട്ടിലേക്ക് വാഹനം കയറ്റുന്നതിന് സൗകര്യമുണ്ടാക്കിയത് അനധികൃതമായാണെന്നും കോടതി കണ്ടെത്തി.

ഇവയുടെ അടിസ്ഥാനത്തില്‍ 1990ലെ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആക്ടിന്റെ 171ഡി(1) സെക്ഷന്‍ ലംഘിച്ചെന്ന് കാട്ടി ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. 2007ല്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ക്കിംഗ് സൗകര്യവും ഗാരേജും റോഡില്‍ പാര്‍ക്കിംഗ് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ മാറ്റം വരുത്താതെ നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഡ്രൈവ് വേ നിര്‍മിക്കുന്നതിന് വേറെ അനുമതി എടുക്കണമെന്നും പറഞ്ഞിരുന്നു. ഇവ ചൂണ്ടിക്കാട്ടി 2015ല്‍ കൗണ്‍സില്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും 2016ല്‍ പുതിയ നിര്‍മാണങ്ങള്‍ നിലനിര്‍ത്തണമെന്ന് കാട്ടി പുതിയ അപേക്ഷയുമായി കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ അപേക്ഷ തള്ളിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles